കറാച്ചി: പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഒരാള്‍ മാത്രമെന്ന് വിവരം. ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫര്‍ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടതെന്ന് സിന്ധ് പ്രവിശ്യ വക്താവ് അബ്ദുര്‍ റാഷിദ് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. 17 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രി ഏഴരയോടെയെത്തി. വിമാനത്തില്‍ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എന്‍ജിനുകളും തകരാറിലായെന്ന് പൈലറ്റ് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഏതെങ്കിലുമൊന്നില്‍ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി.
ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാന്‍ഡിങ്ങിനിടെ സഹായം അഭ്യര്‍ഥിക്കുന്ന ‘മേയ്‌ഡേ’ സന്ദേശവും പൈലറ്റില്‍നിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വെള്ളി ഉച്ചയ്ക്ക് 2.17നായിരുന്നു സംഭവം. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതാണു പ്രശ്‌നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ പറഞ്ഞു.