ഇസ്ലാമാബാദ്: ഇമ്രാന്റെ ഭരണത്തിന്‍ കീഴില്‍ പാകിസ്ഥാന്റെ സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായതോടെ ജനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കൂട്ടുന്നു. പാക് രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്തവിധം കൂപ്പുകുത്തിയ അവസ്ഥയിലാണ്. നിലവില്‍ ഡോളറിന് 175 പാകിസ്ഥാന്‍ രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്.
അടുത്തകാലത്തെങ്ങും മൂല്യം തിരിച്ചുകയറുന്ന ലക്ഷണവുമില്ല. അതോടെയാണ് രാജ്യത്തെ ബിസിനസുകാരും യുവാക്കളും ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നാലെ പോയത്. ഇതോടെ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് എത്തിയിട്ടുണ്ട്.
ചില സ്വകാര്യ ബാങ്കുകളും വിദേശ പണമിടപാട് സ്ഥാപനങ്ങളുമാണ് യുവാക്കളെയും ബിസിനസുകാരെയും ക്രിപ്‌റ്റോ കറന്‍സിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചുകോടി അമേരിക്കന്‍ ഡോളറിന് തുല്യമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നും കരുതുന്നു.
ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കൂട്ടുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആയിരത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാക് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണവും ആരംഭിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ പാകിസ്ഥാന്‍ സ്‌റ്റേറ്റ് ബാങ്ക് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.
ക്രിപ്‌റ്റോകറന്‍സിക്കെതിരെയുള്ള നടപടികള്‍ കൈക്കൊണ്ടത് കൂനിന്മേല്‍ കുരുവായ അവസ്ഥയാണ്. ഇതോടെ രാജ്യത്തെ ബിസിനസുകാരില്‍ പലരും തങ്ങളുടെ ആസ്തികള്‍ വിദേശത്തേക്ക് മാറ്റുന്നുണ്ട്. ഇതാണ് കൂടുതല്‍ കുഴപ്പത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.