ഇസ്‌ലാമാബാദ് : ഇന്ത്യ പാക്ക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരും സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവുവരുത്തണമെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും നടത്തിയ സംഭാഷണത്തില്‍ ഉയര്‍ന്നുവന്ന പൊതുവികാരമെന്നും സര്‍താജ് അസീസ് പറഞ്ഞു.
നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യയാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നതെന്നാണ് സര്‍താജ് അസീസിന്റെ വാദം. കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങളില്‍നിന്നു ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ ഇല്ലാതാക്കണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹം. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരുമെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വാക്കുകള്‍ സര്‍താജ് അസീസ് ആവര്‍ത്തിച്ചു.
തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് ഇന്ത്യ പാക്ക് ബന്ധം വഷളായത്. സെപ്റ്റബര്‍ 18ന് കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ ആക്രമിച്ച് 38 ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം ഇതിനു മറുപടി നല്‍കി.
ഇതിനു പിന്നാലെ ഞായറാഴ്ച രാത്രി ബാരാമുല്ലയിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണമുണ്ടായി. ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു.
അതിര്‍ത്തിയില്‍, പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്. ഇങ്ങനെ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്.