ജമ്മു: കശ്മീരിലെ ആക്രമണ വാര്‍ത്തകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ലാന്‍സ്‌നായിക് രണ്‍ജീത് സിങ്ങിന്റെ ഭാര്യയും കുഞ്ഞും. രണ്‍ജീത് സിങ്ങിന്റെ ശവസംസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഭാര്യ ഷിമുദേവി പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞു പിറക്കുന്നത്. എന്നാല്‍ അവളെ കാണാന്‍ വിധി പക്ഷേ രണ്‍ജീത് സിങ്ങിനെ അനുവദിച്ചില്ല.
സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് നുഴഞ്ഞുകയറ്റക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മൂന്ന് സൈനികരില്‍ ഒരാളാണ് ലാന്‍സ് നായിക് രണ്‍ജീത് സിങ്ങ്. 36കാരനായ രണ്‍ജീത് സിങ്ങിന്റെ മൃതദേഹം ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ് തിങ്കളാഴ്ച്ച എത്തിക്കുമ്പോള്‍ സുളിഗ്രാം ഗ്രാമമൊന്നാകെ കണ്ണീരോടെ അതേറ്റു വാങ്ങി.
തിങ്കളാഴ്ച്ച തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ആചാരപരമായ തടസ്സങ്ങള്‍ നേരിട്ടതോടെ ചൊവ്വാഴ്ച്ച രാവിലെ വരെ നീണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഷിമു ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടതും രാത്രി വൈകി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പുലര്‍ച്ചെ അഞ്ച് മണിയോടെ ഷിമുദേവി പ്രസവിച്ചു.
2003ലാണ് രണ്‍ജീത് സിങ് സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കവേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.