പാക്കിസ്ഥാന്‍ സൈനികരുടെ ക്രൂരമനോഭാവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പട്ടാളക്കാര്‍ തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോവുകയും തനിയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി പാക്കിസ്ഥാനി യുവതിയുടെ തുറന്നു പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഈ വീഡിയോ ചിത്രീകരിച്ച ആള്‍ സൈനികരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി എന്നതാണ് മറ്റൊരു കാര്യം. സംഭവങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയാണ് യുവതി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വിവിധ വനിതാ അവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത് ഒരു പ്രതീക്ഷയാണ്.
ഇത് പാക്കിസ്ഥാനിലെ ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നത്. നിരവധി സ്ത്രീകളാണ് സമാന ആരോപണങ്ങളുമായി മനുഷ്യാവകാശ പ്രവര്‍ത്തകരെ സമീപിക്കുന്നത്. പാക്കിസ്ഥാന്‍ ആര്‍മിയുടെ തോന്ന്യവാസമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. പലരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതിന്റെ ഒരു കാരണം ഭയമാണ്.
സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ കാരണമാകും. മറ്റൊന്ന് പുരുഷാധിപത്യ സമൂഹത്തില്‍ അവരുടെ സ്ഥാനം സംബന്ധിച്ചതാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കാതെ രണ്ടാം തരം മനുഷ്യരായി ഇവരെ സമൂഹം കാണും എന്നതും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള വെര്‍ബല്‍ റേപ്പുമാണ് ഈ ഗുരുതര വിഷയം മറഞ്ഞിരിക്കാനുള്ള പ്രധാന കാരണം.
അവെയര്‍ ഗേള്‍സ് എന്ന എന്‍ജിഒയുടെ നേതൃസ്ഥാനത്തുള്ള ഗുലാലയ് ഇസ്മയില്‍ ആണ് ഈ പ്രദേശം സന്ദര്‍ശിച്ച ഒരു മനുഷ്യാവകാശ പ്രവര്‍ത്തക. പഷ്ടൂണ്‍സ് എന്ന വിഭാഗത്തിന്റെ ഉന്നമനത്തിനായി നില കൊള്ളുന്ന സാമൂഹ്യ പ്രവര്‍ത്തകയാണിവര്‍. നിരവധി വര്‍ഷങ്ങളായി പാക്ക് പട്ടാളക്കാരുടെ ഈ ലൈംഗിക ക്രൂരത വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ആരും തന്നെ തുറന്നു പറയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. പഷ്ടൂണ്‍ തഹാഫുസ് മുന്നേറ്റം മൂലമാണ് സ്ത്രീകള്‍ക്ക് ധൈര്യം ഉണ്ടായിരിക്കുന്നത് എന്നാണ് ഇസ്മയിന്റെ അഭിപ്രായം.
സോഷ്യല്‍ മീഡിയകളില്‍ യുവതിയുടെ വെളിപ്പെടുത്തല്‍ കത്തിപ്പടരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. വീടുകളില്‍ റെയ്ഡ് നടത്തണം, സംശയങ്ങളുണ്ട് തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പട്ടാളക്കാര്‍ വീട്ടില്‍ കയറി ഈ അതിക്രമങ്ങള്‍ എല്ലാം കാണിക്കുന്നത്. എന്നിട്ടും മാധ്യമങ്ങള്‍ അപകടകരമായ മൗനം പാലിക്കുകയാണ്.
വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വീഡിയോ മലാലയുടെ നാട്ടുകാരനായ ഒരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിന്റേതാണ്. ഈ പ്രദേശത്ത് റെയ്ഡിന്റെ ഭാഗമായി സ്ത്രീകളെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോകുന്നു എന്നതാണ് വീഡിയോയിലെ ആരോപണം. വനിതാ പ്രവര്‍ത്തകരും ആരോപണത്തെ ശരിവയ്ക്കുന്നു. എന്നാല്‍ പരാതിപ്പെടാനോ സംഭവത്തില്‍ മൊഴി നല്‍കാനോ സ്ത്രീകളോ കുടുംബാംഗങ്ങളോ മുന്നോട്ടു വരാറില്ല.
ബലൂചിസ്ഥാനില്‍ നിന്നുള്ളതായിരുന്നു ഇതിന് മുന്‍പുണ്ടായിരുന്ന പ്രധാനപ്പെട്ട മറ്റൊരു റിപ്പോര്‍ട്ട്. 2005ല്‍ പാക്ക് പട്ടാളക്കാര്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന ഡോ. ഷസിയ ഖാലിദിന്റെ വെളിപ്പെടുത്തലായിരുന്നു ഇത്. എന്നാല്‍ അവര്‍ക്കും നീതി ലഭിച്ചില്ല. ഭീഷണികളെത്തുടര്‍ന്ന് അവര്‍ നാട് വിട്ട് പോവുകയായിരുന്നു.
സൈനിക ബലാത്സംഗങ്ങള്‍ പാക്കിസ്ഥാനില്‍ തുടര്‍ക്കഥയാണ്. മാധ്യമങ്ങളും ഭരണകൂടവും ഈ വിഷയത്തില്‍ കാണിക്കുന്ന അനങ്ങാപ്പാറ നയം അതീവ ഗുരുതരമാണ്. സാമ്പത്തികമായു സാംസ്‌ക്കാരികമായും തകര്‍ന്നു കഴിഞ്ഞ പാക്കിസ്ഥാന്റെ ഏറ്റവും ക്രൂരമായ കൂടുതല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി