പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി

ഇസ്ലാമാബാദ്; പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി ഉയര്‍ത്തുന്ന ബില്ലിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍ സെനറ്റ്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16ഉം ആണ്‍കുട്ടികളുടേത് 18 ഉം ആണ്. 1929ലെ വിവാഹ നിയമപ്രകാരം പെണ്‍കുട്ടികളുടെ വയസ് 18 ആക്കി ഉയര്‍ത്താനാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. ബില്ലിന് ഇനി നിയമനിര്‍മാണ സഭ കൂടി അംഗീകാരം നല്‍കണം.

ഐക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള മൂന്നിലൊരു പെണ്‍കുട്ടി വിവാഹിതയാകുന്നുണ്ട്. യൂണിസെഫിന്റെ കണക്ക് പ്രകാരം ലോകത്ത് 18 വയസിന് താഴെയുള്ള ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് പാക്കിസ്ഥാനിലാണ്. ഇതിനെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ പ്രതിഷേധമുയരുമ്പോഴും ശൈശവ വിവാഹങ്ങള്‍ തുടര്‍ കഥയാവുകയാണ്. നിലവില്‍ വരാന്‍ പോകുന്ന നിയമം ലംഘിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ പിഴയും 3 വര്‍ഷം വരെ തടവും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

താരതമ്യേന നിര്‍ധന കുടുബങ്ങളിലും ഉള്‍ഗ്രാമങ്ങളിലുമാണ് ശൈവ വിവാഹ നിരക്ക് ഏറ്റവും കൂടുതല്‍. ശൈശവവിവാഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണത്തിന് പാക്കിസ്ഥാന്‍ തയ്യാറെടുത്തിരിക്കുന്നത്.

Top