ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാനില്‍ അണക്കെട്ടുകള്‍ നിര്‍മിക്കുന്നു എന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്.
ചൈനയുടെ സഹായത്തോടെ പാക്ക് അധിനിവേശ കശ്മീരിലെ സിന്ധു നദിയില്‍ ആണ് പാക്കിസ്ഥാന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യസഭയിലാണ് സിങ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ–ചൈന സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയ്ക്കാണ് പാക്ക് അധിനിവേശ കശ്മീരിലെ അണക്കെട്ടു നിര്‍മാണവും പുറത്തുവരുന്നത്.
ഇന്ത്യയുടെ പരാമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു വ്യക്തമാക്കി പാക്കിസ്ഥാനും ചൈനയ്ക്കും കത്തയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ സ്ഥലമാണ് പാക്ക് അധിനിവേശ കശ്മീരെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. പാക്കിസ്ഥാന്റെ ഈ നടപടി ഇന്ത്യയുടെ പരാമാധികാരത്തിലും പ്രാദേശിക നീതിക്കും മുകളിലുള്ള കടന്നുകയറ്റമാണ്.
നമ്മുടെ നിലപാട് വ്യക്തമാക്കിയാണ് ഇരുരാജ്യങ്ങള്‍ക്കു കത്തയച്ചിരിക്കുന്നത്. ഇതില്‍നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും സിങ് രാജ്യസഭയില്‍ അറിയിച്ചു.