ശ്രീലങ്കന്‍ താരങ്ങള്‍ക്ക് മികച്ച സ്വീകരണവും സുരക്ഷയുമൊരുക്കി പാക്കിസ്ഥാന്‍

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് മികച്ച സ്വീകരണമൊരുക്കി പാക്കിസ്ഥാന്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യധാരാ ടീമുകള്‍ ഇവിടേക്കു വരാന്‍ മടിക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ വരവ്. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് പ്രമുഖ താരങ്ങളില്‍ ചിലര്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചെങ്കിലും തയാറായിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ശ്രീലങ്കന്‍ ടീം ഇവിടെയെത്തിയിരിക്കുന്നത്.

ട്വന്റി- 20 നായകന്‍ ലസിത് മലിംഗ, ഏകദിന ടീം നായകന്‍ ദിമുത് കരുണരത്‌നെ എന്നിവരുള്‍പ്പെടെ ലങ്കന്‍ ടീമിലെ 10 പ്രമുഖ താരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ടീമിലുള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഇവിടെയെത്തിയ ലങ്കന്‍ താരങ്ങളെ പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് പാക്കിസ്ഥാന്‍ വരവേറ്റത്.

കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രീലങ്കന്‍ താരങ്ങളെ ഉടനടി അവിടെനിന്നു നീക്കി. കനത്ത മഴയ്ക്കിടെ ലങ്കന്‍ താരങ്ങളെ ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് ഇവര്‍ താമസിക്കുന്ന ഹോട്ടലിലെത്തിച്ചത്. പൊലീസ്, പാരാമിലിട്ടറി റേഞ്ചേഴ്‌സ് എന്നിവര്‍ക്ക് സംയുക്തമായാണ് ശ്രീലങ്കന്‍ ടീമിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. മല്‍സരങ്ങള്‍ നടക്കുന്ന വേദികളും ഇവരുടെ നിയന്ത്രണത്തിലാണ്.

പാക്കിസ്ഥാനെതിരെ മൂന്നുവീതം ഏകദിന, ട്വന്റി-20 മല്‍സരങ്ങളാണ് ശ്രീലങ്ക കളിക്കുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം സെപ്റ്റംബര്‍ 27ന് കറാച്ചിയില്‍ നടക്കും. 29, ഒക്ടോബര്‍ മൂന്ന് തീയതികളില്‍ കറാച്ചിയില്‍ത്തന്നെയാണ് മറ്റ് ഏകദിനങ്ങളും. പരമ്പരയിലെ മൂന്ന് ട്വന്റി-20 മല്‍സരങ്ങള്‍ ലഹോറില്‍ നടക്കും. പരമ്പരയുടെ ഭാഗമായ ടെസ്റ്റ് മല്‍സരങ്ങളും ഇവിടെ നടത്താന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തിയെങ്കിലും ശ്രീലങ്കന്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നില്ല. ഇതോടെ ടെസ്റ്റ് മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കും.

Top