ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
നേരത്തെ 10വയസ്സുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. എട്ട് ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശമീരില്‍ പൂഞ്ച് സെക്ടറിലായിരുന്നു പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രാര്‍ അഹമ്മദ് എന്ന പത്തുവയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 6.30ഓടെ ആരംഭിച്ച വെടിവെയ്പ് ജനങ്ങളെയും പരിഭ്രാന്തരാക്കിയിരുന്നു.
പാക് വെടിവെയ്പിന് ഇന്ത്യന്‍ സൈന്യവും കനത്ത തിരിച്ചടി നല്‍കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈന്യം വ്യക്തമാക്കി. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതോടെ തിരിച്ചടിയ്ക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
ഷാപൂര്‍, കെര്‍ണി, ഖസ്ബ സെക്ടറുകളിലെ സൈനിക പോസ്റ്റുകളെയും ഗ്രാമങ്ങളെയും ലക്ഷ്യം വച്ചായിരുന്ന പാക് സൈന്യത്തിന്റെ ആക്രമണമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ച്, ബിംഭര്‍ഗലി എന്നിവിടങ്ങളില്‍ വെടിവെയ്പ്പ് നടത്തിയത്. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ 14 അടി നീളമുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 30നായിരുന്നു സംഭവം.