ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാക് സെനറ്റ് പാസാക്കി.
2016 സെപ്റ്റംബര്‍ 26ന് പാക് ദേശീയ അസംബ്ലി അനുമതി നല്‍കിയ ഹിന്ദു വിവാഹ നിയമം ഈ വര്‍ഷമാണ് സെനറ്റ് പാസാക്കിയത്.അടുത്തയാഴ്ച പ്രസിഡന്റ് ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.
നിയമപ്രകാരം വിവാഹം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. പാകിസ്താനിലെ എല്ലാ പ്രവിശ്യകളിലും ഈ നിയമത്തിന് പ്രാബല്യമുണ്ട്. പാക് നിയമമന്ത്രി സാഹിദ് ഹമിദ് അവതരിപ്പിച്ച ബില്ലിനെ ആരും എതിര്‍ത്തില്ല.
നേരത്തെ പാക് ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വിവാഹ നിയമം സെനറ്റ് പാസാക്കിയത്. ദമ്പതികളില്‍ ആരെങ്കിലും മതം മാറുകയാണെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പങ്കാളിക്ക് കോടതിയെ സമീപിക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.