ഇന്ത്യയുടെ ഭൂമി പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറി : സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയതാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ട്യൂമര്‍ രോഗം ബാധിച്ച 24കാരന്‍ ഉസാമ അലിക്ക് ഇന്ത്യ അടിയന്തര മെഡിക്കല്‍ വിസ അനുവദിക്കും. ഇതിന് പ്രത്യേക അപേക്ഷ ആവശ്യമില്ലെന്നും സുഷമ അറിയിച്ചു.

ട്യൂമര്‍ ബാധിതനായ അലിക്ക് ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ നടത്തുന്നതിന് വിസ ലഭിക്കാന്‍ പാക്ക് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

ഇതുസംബന്ധിച്ച് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷന് കത്തയക്കാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ശെരീഫും വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് തയാറായില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ മെഡിക്കല്‍ വിസയ്ക്ക് ഇന്ത്യയിലേക്ക് അപേക്ഷിക്കുന്നത് നിരസിക്കുന്നു എന്നു അടുത്തിടെ പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, അടിയന്തര വൈദ്യ സഹായം ആവശ്യമായി വരുന്ന പാക്കിസ്ഥാനികള്‍ ഇന്ത്യയിലേക്ക് വരാന്‍ പറ്റാത്തത് അസിസിന്റെ പിഴവാണെന്നും, മെഡിക്കല്‍ വിസ അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും സുഷമ പറഞ്ഞു.

നിയമപ്രകാരം അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തു നല്‍കണമെന്നാണ്, എന്നാല്‍ ഇത് ഒരിക്കലും ഉണ്ടാവാറില്ലെന്നും മന്ത്രാലയത്തിന്റെ ശുപാര്‍ശയോടെ മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് വിസ ഉടന്‍ നല്‍കുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.

Top