അഴിമതിക്കേസ്; മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരായ വിധി പ്രഖ്യാപനം ഇന്ന്

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളില്‍ നവാസ് ഷരീഫിനെതിരായി കോടതി ഇന്ന് വിധി പറയും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഷരീഫും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് ആരോപണം. നവാസ് ഷരീഫിനെതിരായ് വന്ന രണ്ട് അഴിമതിക്കേസുകളിലാണ് ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതി ഇന്നു വിധി പ്രഖ്യാപിക്കുക. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ 14 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.

പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് അഴിമതിക്കേസുകളാണ് ഷരീഫിനെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ ചുമത്തിയത്. ഇതില്‍ അവന്‍ഫീല്‍ഡ് കേസില്‍ ഷരീഫിന് പതിനൊന്നു വര്‍ഷത്തെ ശിക്ഷയും മകള്‍ മറിയത്തിന് എട്ടു വര്‍ഷത്തെ ശിക്ഷയും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ മൂവരും ജാമ്യത്തില്‍ പുറത്തിറങ്ങി. ഫ്‌ലാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ്, അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് കേസുകളിലാണ് ഇന്നു വിധി പറയുന്നത്. പാനമ പേപ്പര്‍ കേസില്‍ 2017 ജുലൈയില്‍ സുപ്രീംകോടതി അയോഗ്യനാക്കിയതോടെ ഷരീഫ് പ്രധാനമന്ത്രി പദം ഒഴിയുകയായിരുന്നു.

Top