ഇസ്‌ലാമബാദ്: ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയ താരങ്ങളെ ടീമിലേക്കു തിരിച്ചുവിളിച്ച് പാക്കിസ്ഥാന്‍. ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന ഏകദിന പരമ്പരയിലേക്കാണ് അഞ്ച് താരങ്ങളെ തിരിച്ചുവിളിക്കാന്‍ പരിശീലകനും ചീഫ് സെലക്ടറുമായ മിസ്ബ ഉള്‍ ഹഖ് തീരുമാനിച്ചത്. ഇഫ്തികര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഉസ്മാന്‍ ഷിന്‍വാരി, ആബിദ് അലി എന്നിവരെയാണ് ടീമില്‍ തിരിച്ചെടുത്തിരിക്കുന്നത്.
പാക്ക് ടീമിന്റെ മുന്‍ സിലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖും മുഖ്യപരിശീലകനായിരുന്ന മിക്കി ആര്‍തറും തഴഞ്ഞ കളിക്കാരെയാണു ടീം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി മിസ്ബ ടീമിലെത്തിച്ചിരിക്കുന്നത്. ഏകദിന മല്‍സരങ്ങള്‍ക്കും ട്വന്റി 20ക്കുമായി പ്രത്യേക ടീമുകളെ തയ്യാറാക്കാനാണു ശ്രമമെന്ന് മിസ്ബ മാധ്യമങ്ങളോടു പറഞ്ഞു.
ബാറ്റ്‌സ്മാനായ ഇഫ്തികര്‍ അഹമ്മദിന് ഓഫ് സ്പിന്‍ എറിഞ്ഞ് അത്യാവശ്യ ഘട്ടങ്ങളില്‍ ക്യാപ്റ്റനെ സഹായിക്കാനാകുമെന്നാണു മിസ്ബയുടെ കണക്കുകൂട്ടല്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് നവാസിനെ ടീമിലെത്തിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും മുഹമ്മദ് റിസ്വാന്‍, ഉസ്മാന്‍ ഷിന്‍വാരി, ആബിദ് അലി എന്നിവര്‍ക്കു ലോകകപ്പിനുള്ള പാക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ സിലക്ടറും പരിശീലകനും മാറിയതോടെ അഞ്ചുപേരും ടീമിലേക്കു നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടു.
സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, ആബിദ് അലി, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഇഫ്തികര്‍ അഹമ്മദ്, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, ശദബ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ് എന്നിവരടങ്ങുന്നതാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മല്‍സരങ്ങള്‍ക്കിറങ്ങുന്ന പാക്കിസ്ഥാന്‍ ടീം.