ഇസ്ലാമാബാദ്; അടുത്ത ലോകകപ്പ് മുതല്‍ വളരെ പ്രൊഫഷണലായ പാക്കിസ്ഥാന്‍ ടീമിനെയായിരിക്കും ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ സമൂലമായി പരിഷ്‌കരിക്കുമെന്നും മുന്‍ ക്രിക്കറ്റ് താരവും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ലോകകപ്പ് സെമിയില്‍ കടക്കാന്‍ സാധിക്കാതെ പാക്കിസ്ഥാന്‍ പുറത്തായത് ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
”ലോകകപ്പിനു ശേഷം, പാക്കിസ്ഥാന്‍ ടീമിനെ മെച്ചപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പരിഷ്‌കരിക്കാന്‍ പോകുന്നു. (കഴിഞ്ഞ ലോകകപ്പില്‍) ഒരുപാട് നിരാശകള്‍ ഉണ്ടായിരുന്നു. അടുത്ത ലോകകപ്പില്‍ വളരെ പ്രൊഫഷണലായ ഒരു പാക്കിസ്ഥാന്‍ ടീമിനെ നിങ്ങള്‍ കാണും. എന്റെ വാക്കുകള്‍ ഓര്‍മിച്ചോളൂ”- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
92 ലോകകപ്പില്‍ പാക്കിസ്ഥാനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഇമ്രാന്‍ ഖാന്‍. ഒരു വട്ടം മാത്രമാണ് പാക്കിസ്ഥാന് കിരീടം നേടാനായത്. ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായ പാക്കിസ്ഥാന്‍ ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയിച്ച് സെമി സ്‌പോട്ടിനായി കടുത്ത പോരാട്ടം കാഴ്ച വെച്ചു. എന്നാല്‍ നെറ്റ് റണ്‍ റേറ്റ് തിരിച്ചടിയാവുകയായിരുന്നു.