ഇസ്ലാമാബാദ്: മുന്‍ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഉദ്യോഗസ്ഥനെ സ്റ്റേറ്റ് ബാങ്ക് ഗവര്‍ണറാക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാക്ക് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക തീരുമാനം.
ഐഎംഎഫ് സംഘം ഇസ്ലാമാബാദിലെത്തി ചര്‍ച്ചകള്‍ നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് ഈ നീക്കം.
‘പാക്കിസ്ഥാന്‍ പ്രസിഡന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് ഡോ. റെസാ ബാക്കിറിനെ നിയമിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷമായിരിക്കും കാലവധി’ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
2000 മുതല്‍ ബാക്കിര്‍ ഐഎംഎഫില്‍ പ്രവര്‍ത്തിച്ചു വരികയാണ്. നിലവില്‍ ഈജിപ്റ്റിലെ സീനിയര്‍ റസിഡന്റ് റപ്രസെന്റേറ്റീവ് ആയി പ്രവര്‍ത്തിക്കുകയാണ്.
ഐഎംഎഫില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം ലോകബാങ്ക്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍റ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നികുതി വകുപ്പായ എഫ്ബിആരിന്റെ ചെയര്‍മാനായി അഹമ്മദ് മുജ്ത്താബ് മേമോനിനെയും പാക്ക് സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പാക്കിസ്ഥാന്‍ കസ്റ്റംസ് സര്‍വ്വീസിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
പാക്ക്ധനകാര്യമന്ത്രി ആസാദ് ഉമര്‍ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ നിയമനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഐഎംഎഫില്‍ നിന്നും സഹായം ലഭിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് ആസാദ് ഉമര്‍ രാജി സമര്‍പ്പിച്ചത്.
തുടര്‍ന്ന് ഡോ. അബ്ദുള്‍ ഹഫീസ് ഷെയ്ക്കിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഐഎംഎഫ് സഹായത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. 8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇതിനിടെ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പാക്കിസ്ഥാന് സഹായവുമായി രംഗത്തെത്തിയിരുന്നു.