ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയറിയിച്ച് പാക്കിസ്ഥാന്‍.
ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഹെയ്ല്‍ പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.
ട്രംപിന്റെ പുത്തന്‍ അഫ്ഗാന്‍ നയം ഹെയ്ല്‍, ഖ്വാജ മുഹമ്മദിനോട് വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് തങ്ങളുടെ നിലപാട് പാക് വിദേശകാര്യമന്ത്രിയും വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ നയം പ്രഖ്യാപിക്കവേ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്. പാക്കിസ്ഥാന്‍, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നു പറഞ്ഞ ട്രംപ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് അമേരിക്ക പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കിയിട്ടുണ്ടെന്നും തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ ശരിയായ നിലപാട് പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
അഫ്ഗാനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്ഥാന് അത് നേട്ടമായിരിക്കുമെന്നും മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള കടുത്ത നിലപാടായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.
ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ ദൗത്യങ്ങള്‍ക്ക് പാക് വിദേശകാര്യമന്ത്രാലയം പൂര്‍ണ പിന്തുണയറിയിച്ച് രംഗത്തെത്തിയത്.