തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി കായികമത്സരത്തിനുമില്ലെന്ന് വിജയ് ഗോയല്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു കായികമത്സരത്തിനുമില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പാകിസ്ഥാന്റെ സ്‌ക്വാഷ്, ഗുസ്തി ടീമുകള്‍ക്ക് വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഗോയല്‍. സ്‌ക്വാഷ്, ഗുസ്തി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയാണ് വേദിയായത്.

”തീവ്രവാദവും സ്പോര്‍ട്സും ഒരുമിച്ചു പോകില്ല. പാകിസ്ഥാന്‍ അതു മനസ്സിലാക്കണം. അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്ഥാനുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കൂ.”ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ യൂത്ത് അവാര്‍ഡ്സില്‍ സംസാരിക്കവെ ഗോയല്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ വക്താക്കളാണെന്ന് ലോകത്തെ എല്ലാ ജനങ്ങള്‍ക്കറിയാമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലക്‌നൗവില്‍ നടന്ന ജൂനിയര്‍ ലോകകപ്പിനുള്ള പാകിസ്ഥാന്‍ ജൂനിയര്‍ ടീമിനും ഇന്ത്യ വിസ നിഷേധിച്ചിരുന്നു. അതേസമയം അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Top