ഇസ്ലാമാബാദ്: അഫ്ഗാനില്‍ താലിബാനെ നിരന്തരം പിന്തുണയ്ക്കുന്ന സമീപനത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി പാകിസ്താൻ. അഫ്ഗാനിലെ ഭീകരര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും പാകിസ്താനെതിരെ നീളുന്ന വിമര്‍ശനങ്ങളുടെ തീവ്രതകുറയ്ക്കലാണ് ഉദ്ദേശം. അതുവഴി അമേരിക്കയുടേയും ചൈനയുടേയും കൂടുതൽ സഹായങ്ങള്‍ വാങ്ങിയെടുക്കാനും പാകിസ്താൻ ലക്ഷ്യമിടുന്നു.
സൈനികപരമായും താലിബാനെ സഹായിക്കുന്ന പാകിസ്താന്‍ നിലവിലെ അന്താരാഷ്ട്ര എതിര്‍പ്പ് പരിഗണിച്ച് അഫ്ഗാനില്‍ ഒരു സമ്പൂര്‍ണ്ണ താലിബാന്‍ മേധാവിത്വത്തെ ലോകവേദികളില്‍ എതിര്‍ക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി താലിബാന്‍ ഭീകരരെ തടയാനെന്ന നയത്തിന്‍റെ ഭാഗമായി അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ കൂടുതല്‍ നിയോഗിക്കുകയും ഭീകരരുടെ അതിര്‍ത്തികടന്നുള്ള നീക്കം തടയുകയും ചെയ്യുമെന്നാണ് സൂചന.
ഈ മാസം ആദ്യം പാകിസ്താന്‍ അഫ്ഗാന്‍ വിഷയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും കാണിക്കുന്നില്ലെന്ന് അഷ്റഫ് ഗാനി പാക് വിദേശകാര്യമന്ത്രിയോട് നേരിട്ട് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ചര്‍ച്ചയില്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം പാകിസ്താന് വലിയ ക്ഷീണവുമായി. ഇതോടെയാണ് താലിബാന്‍റെ എല്ലാ ആവശ്യവും അംഗീകരിക്കുന്ന സമീപനം വേണ്ടന്ന നയം എടുക്കുന്നത്. താലിബാനെ പ്രീണിപ്പിക്കല്‍ തുടര്‍ന്നാല്‍ അമേരിക്കയുടെ അനിഷ്ടം വര്‍ധിക്കുമെന്നതും പാകിസ്താന്‍ മുന്‍കൂട്ടികാണുകയാണ്. ഒപ്പം മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറരുതെന്നും ഭീകരസംഘടനകളും താലിബാനും വികസന വിരോധികളാണെന്നും ബെല്‍റ്റ് റോഡ് നയതന്ത്രത്തിന് എതിരാണെന്നുമുള്ള ചൈനയുടെ പരാമര്‍ശവും പാകിസ്താനെ കെണിയില്‍ വീഴ്ത്തിക്കഴിഞ്ഞു