തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. പാലാ സീറ്റ് എന്‍സിപിക്ക് ആയതിനാല്‍ മുന്നണി യോഗത്തിന് മുമ്പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്ത് ചേരും.
വൈകുന്നേരമാണ് ഇടത് മുന്നണി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.
രാവിലെ 11 മണിക്കാണ് എന്‍സിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനാണ് സാധ്യത.
അതേസമയം, മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരു വിഭാഗം രംഗത്തെത്തി. ഇനി പാലായില്‍ നിന്ന് മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പന് എതിരെ ഉണ്ടെന്നും ആരോപിച്ച് ഒരുവിഭാഗം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയച്ചു.
മാണി സി കാപ്പന്‍ ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് എതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ആലോച്ചിക്കാതെ പിന്‍വലിച്ചുവെന്നും കത്തില്‍ പറയുന്നു.