കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും.
176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.
പാലായില്‍ ഇക്കുറി ജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന് പറഞ്ഞു. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടും. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം പിന്തുണച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിഡിജെഎസിന്റെ വോട്ടും തനിക്ക് ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കുറവായിരുന്നത് ആത്മവിശ്വാസം കൂട്ടുന്നതാണ്. യുഡിഎഫിന്റെ വോട്ടുകളാണ് ചെയ്യാതെപോയത്. ഇക്കുറി പതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്നും കാപ്പന് പറഞ്ഞു.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ജോസ് ടോം പറഞ്ഞു. പ്രതീക്ഷ അസ്ഥാനത്താവില്ല. യുഡിഎഫ് ഏകമനസോടെ പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു.