കോട്ടയം: കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചര്‍ച്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക.
ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫും ജോയി എബ്രഹാമും ചര്‍ച്ചകളില്‍ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോണ്‍ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു.
അതേസമയം, ഇന്നലെ സമാവായ ചര്‍ച്ച വിളിച്ചുചേര്‍ത്തിരുന്നെങ്കിലും യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രചാരണത്തിനിറങ്ങില്ലെന്ന നിലപാട് ജോസഫ് മയപ്പെടുത്തുമെന്നു തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രതീക്ഷ.