പാലാ എഫക്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും കുലുങ്ങുന്നത് യു.ഡി.എഫിന്റെ ‘പാലം’
പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടി എന്ന് പറയുന്ന ആരോപണത്തിന്റെ മുനയൊടിക്കുന്ന കണക്കുകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ആയിരക്കണക്കിന് വോട്ടുകളാണ് എന്‍.ഡി.എയില്‍ നിന്നും യു.ഡി.എഫിലേക്ക് പോയിരിക്കുന്നത്.
ബി.ജെ.പിക്ക് വോട്ട് കുറഞ്ഞ ബൂത്തുകളില്‍ മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് നേടിയതെന്നതും ശ്രദ്ധേയമാണ്. വോട്ട് കച്ചവടവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലം പ്രസിഡന്റിനെ തന്നെ ബി.ജെ.പിക്ക് പുറത്താക്കേണ്ടിവന്നിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയെ ഇപ്പോള്‍ ഏറെ പ്രതിരോധത്തിലാക്കുന്നതും പാലായിലെ ഈ ‘പാലംവലി’ തന്നയാണ്.
വോട്ട് കൈമാറ്റത്തിന്റെ കണക്കുകള്‍ നിരത്തിയുള്ള പ്രചരണമാണ് ഇടതുപക്ഷം ഇപ്പോള്‍ നടത്തി വരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന യു.ഡി.എഫ് ആരോപണം പൊളിച്ചടുക്കാനും പാലായിലെ ഈ കണക്കുകള്‍ ഇടതുപക്ഷത്തിന് പിടിവള്ളിയായിട്ടുണ്ട്.
വോട്ടു കച്ചവടത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് പാലായിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന നേതാവാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഈ നീക്കത്തിന് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയുമുണ്ടായിരുന്നു.
പാലായിലെ പ്രചാരണങ്ങളില്‍ യുഡിഎഫിനെതിരെ ഒന്നും പറയാതെ ഇടതുപക്ഷമാണ് പ്രധാന ശത്രുവെന്നും ഏതുവിധേനയും മാണി സി കാപ്പനെ തോല്‍പ്പിക്കണമെന്നുമാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ പല ബൂത്തുകളും നിര്‍ജീവമായിരുന്നുവെന്ന പരാതി ബിജെപിയ്ക്കുള്ളില്‍ പോലും ശക്തവുമായിരുന്നു. ഇതും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനാണ് ഗുണമായിരുന്നത്.
മുമ്പുനടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ മൂന്നാംവാര്‍ഡായ ഇടമറ്റത്ത് ബിജെപി സ്ഥാനാര്‍ഥിയോട് 40 വോട്ടിന് പരാജയപ്പെട്ട ജോസ് ടോമിന് ഇത്തവണ 196 വോട്ടാണ് അധികം ലഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 324 വോട്ട് കിട്ടിയ ബിജെപിക്കാകട്ടെ ഇക്കുറി കിട്ടിയത് 40 വോട്ടുകള്‍ മാത്രമാണ്. ജോസ് ടോമിന്റെ വോട്ട് 284 ല്‍നിന്ന് 465 ആയാണ് കൂടിയിരിക്കുന്നത്. ബിജെപിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാളും 129 വോട്ട് കുറവാണ് ഇത്തവണ ഇവിടെ ലഭിച്ചിരിക്കുന്നത്.
ജോസ് ടോമിന്റെ വീടിരിക്കുന്ന 146ാം ബൂത്തില്‍ 250ലേറെ വോട്ടുള്ള ബിജെപിക്ക് ലഭിച്ചത് വെറും 97 വോട്ടുകളാണ്. ഈ ബൂത്തില്‍ യുഡിഎഫിന് ആകെ ലഭിച്ചിരിക്കുന്നത് 357 വോട്ടുകളാണ്. യുഡിഎഫ് സ്ഥാനാര്‍ഥി മേല്‍കൈനേടിയ മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലും ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇവിടെ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെ ബിജെപിക്കുണ്ടെന്നകാര്യവും നാം ഓര്‍ക്കണം. മീനച്ചിലില്‍മാത്രം ആയിരത്തിലധികം വോട്ടിന്റെ കുറവാണുള്ളത്. രാമപുരത്തും വന്‍തോതില്‍ ബിജെപി വോട്ടില്‍ ഇടിവ് വന്നിട്ടുണ്ട്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24,825 വോട്ടും ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 33472 വോട്ടും ലഭിച്ച ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ 18,044 വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്.
പി സി ജോര്‍ജിന്റെയും പി സി തോമസിന്റെയും സ്വാധീനം കൂടിയാവുമ്പോള്‍ മണ്ഡലത്തില്‍ കുറേക്കൂടി വോട്ട് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 15,428 വോട്ടിന്റെ കുറവാണ് ബിജെപിക്കിപ്പോള്‍ പാലായിലുണ്ടായിരിക്കുന്നത്.
പാലായില്‍ ഇടത്തോട്ടാണ് ബി.ജെ.പി വോട്ടുകള്‍ ഒഴുകിയതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും വാദങ്ങളാണ് ഇതോടെ അപ്രസക്തമായിരിക്കുന്നത്. ആരോപണ ശരശയ്യയില്‍ ഇടതുപക്ഷത്തെ കിടത്തി മറ്റു മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫ് സ്വപ്‌നവുമിപ്പോള്‍ ത്രിശങ്കുവിലാണ്.
Political reporter