മാണിയുടെ കുടുംബത്തിനൊപ്പം ലീഗ്, തന്ത്രപരമായ നീക്കവുമായി സി.പി.എമ്മും

പാലായില്‍ ‘പാലം’ വലിച്ചാല്‍ പി.ജെ. ജോസഫ് യു.ഡി.എഫില്‍ നിന്നും പുറത്താകും. ജോസ് കെ. മാണി വിഭാഗം നിര്‍ദ്ദേശിക്കുന്ന വ്യക്തി ആരായാലും അവരെയാണ് ഇനി മുന്നണി നേതൃത്വം അംഗീകരിക്കുക. ഇക്കാര്യത്തില്‍ യു.ഡി.എഫിലെ രണ്ടാമത്തെ പ്രമുഖ ഘടകകക്ഷിയായ മുസ്ലീം ലീഗാണിപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ലീഗ് നേതൃത്വം ഈ വിവരം അറിയിച്ചിട്ടുണ്ട്. കെ.എം മാണിയുമായി ഏറ്റവും അടുത്ത ബന്ധമാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതൃത്വത്തിന് ഉണ്ടായിരുന്നത്. ഈ ബന്ധമാണിപ്പോള്‍ ജോസ് കെ. മാണി വിഭാഗത്തിനും തുണയാകുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലും ലീഗ് ജോസ് കെ. മാണി വിഭാഗത്തിന് ഒപ്പമായിരുന്നു. ഈ രാഷ്ട്രീയ കരുനീക്കത്തില്‍ വെട്ടിലായിരിക്കുന്നത് പി.ജെ ജോസഫുമായി അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കളാണ്. കെ.എം മാണി കോണ്‍ഗ്രസ്സുമായി ഉടക്കി സമദൂര നിലപാടുമായി നിന്നപ്പോഴും പി.ജെ ജോസഫ് കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തില്‍ പോലും തീരുമാനം നീളാന്‍ കാരണമായിരുന്നത്. എന്നാല്‍ ലീഗ് ഇടപെട്ടതോടെ കോണ്‍ഗ്രസ്സിന് പിന്നീട് നിലപാട് മാറ്റേണ്ടി വന്നിരുന്നു.

കോണ്‍ഗ്രസ്സ് നേതാക്കളെ സംബന്ധിച്ച് രണ്ടില രണ്ടായി പിളര്‍ന്നാലും പ്രശ്‌നമില്ലെന്ന നിലപാടാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നാല്‍ മധ്യകേരളത്തില്‍ കോണ്‍ഗ്രസ്സിന് നേട്ടമാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. രണ്ടും രണ്ടും നാല് സീറ്റ് മാത്രം നല്‍കി രണ്ട് വിഭാഗത്തെയും ഒതുക്കാമെന്ന കണക്ക് കൂട്ടല്‍ വരെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ‘ഐ’ എന്നോ ‘എ’ എന്നോ വിവേചനം ഇല്ലാതെയാണ് യോജിപ്പ്. രണ്ടില്‍ ഒരു വിഭാഗത്തെ ഗ്രൂപ്പിന് ഒപ്പം നിര്‍ത്താമെന്ന കണക്ക് കൂട്ടലും ഇരു ഗ്രൂപ്പുകള്‍ക്കുമുണ്ട്.

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തല വിഭാഗമാണ് കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. മുസ്ലീം ലീഗിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമ്പോള്‍ തടയിടാന്‍ ശക്തമായ മറ്റൊരു ഘടക കക്ഷി ഒപ്പം വേണമെന്നാണ് ഈ വിഭാഗം ആഗ്രഹിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് രണ്ടായാല്‍ അത് എളുപ്പം നടക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ.

ഭരണ തുടര്‍ച്ച കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തതിനാല്‍ എന്തായാലും അടുത്ത ഭരണം യു.ഡി.എഫിനാണെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉറപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ജോസ്.കെ മാണി- പി.ജെ. ജോസഫ് വിഭാഗങ്ങള്‍ മുന്നണി വിട്ട് പോകാന്‍ തയ്യാറാവില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

അതേസമയം കേരള കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ പ്രതിസന്ധി ധര്‍മ്മ സങ്കടത്തിലാക്കുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. മാണി മുന്നണി വിട്ടപ്പോഴും ഇടത് പാളയത്തില്‍ കേരള കോണ്‍ഗ്രസ്സിനെ കൊണ്ടു പോകാന്‍ സമ്മതിക്കാതെ തടഞ്ഞതില്‍ അദ്ദേഹത്തിന് കടപ്പാട് ജോസഫിനോടാണ്.

മാണി പലപ്പോഴും യു.ഡി.എഫിന് എതിരായ നിലപാട് സ്വീകരിച്ചപ്പോഴും ജോസഫ് അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് ഭേദമന്യേ തന്നെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോസഫിനെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ഗ്രൗണ്ട് റിയാലിറ്റിയിലേക്ക് കടക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെയാണ് ജോസഫിന്റെ നില പരുങ്ങലിലാകുന്നത്.

ജോസ് കെ. മാണി വിഭാഗത്തിനുള്ള ജനകീയ അടിത്തറ ജോസഫ് വിഭാഗത്തിന് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ ഒപ്പമുണ്ടായിരുന്നവരില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ ഇടതുപക്ഷ മുന്നണിയിലാണ്. മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നീ മുതിര്‍ന്ന നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചാണ് ഇടതില്‍ ബര്‍ത്ത് നേടിയിരിക്കുന്നത്. ജോസഫ് കേരള കോണ്‍ഗ്രസ്സ് വിട്ട് തങ്ങളോടൊപ്പം വരണമെന്നാണ് ഈ വിഭാഗം ആഗ്രഹിക്കുന്നത്.

എന്നാല്‍ ഈ നീക്കത്തിന് കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള ജോസഫ് വിഭാഗം നേതാക്കള്‍ എതിരാണ്. ഇനി ഇടതുപക്ഷത്തേക്ക് പോയാല്‍ ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനും കീഴെയായി പോകുമെന്നതാണ് അവരുടെ ഭയം. സിറ്റിംഗ് സീറ്റ് പോലും നഷ്ടമാകുമെന്ന ആശങ്ക മോന്‍സ് ജോസഫിനും ഉണ്ട്. അതുകൊണ്ട് തന്നെ പിളര്‍ന്നാലും യു.ഡി.എഫില്‍ നില്‍ക്കാനാണ് ഇവര്‍ ജോസഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

അതേസമയം ജനകീയ അടിത്തറ ചൂണ്ടിക്കാട്ടി വിലപേശാനാണ് ജോസ് കെ. മാണിയുടെ നീക്കം. അതിനായി പാലാ ഉപതെരഞ്ഞെടുപ്പിനെ മാറ്റാനാണ് ശ്രമം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ. മാണി നിന്നാലും ഭാര്യ നിഷ നിന്നാലും പാലായില്‍ വിജയിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതീക്ഷ.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ 33,000ത്തിലധികം വോട്ടിന്റെ ലീഡാണ് പാലാ മണ്ഡലത്തില്‍ യു.ഡി.എഫിന് കിട്ടിയിരിക്കുന്നത്. മാണിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം അര ലക്ഷമായി ഉയര്‍ത്താന്‍ കഴിയുമെന്നാണ് ജോസ് കെ. മാണി വിഭാഗം പ്രതീക്ഷിക്കുന്നത്. ആറ് മണ്ഡലത്തിലേക്ക് ഒരുമിച്ച് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് പാലായില്‍ മാത്രം സെപ്റ്റംബര്‍ 23ന് നടക്കുന്നതും ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സിന് ഇനി ‘പാലം’ വലിക്കാതെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നാണ് ജോസ് കെ. മാണി വിഭാഗം കരുതുന്നത്. ജോസഫ് വിഭാഗം ഉടക്കിയാല്‍ മുന്നണിയില്‍ നിന്നു തന്നെ ഇക്കാര്യം പറഞ്ഞ് പുറത്താക്കിപ്പിക്കാനും എളുപ്പത്തില്‍ കഴിയും. ഇനിയും 5 നിയമസഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ പാലായില്‍ പിഴക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ. മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണമെന്നാണ് ജോസഫിനോട് യു.ഡി.എഫ് നേതൃത്വമിപ്പോള്‍ ആവശ്യപ്പെടുന്നത്.

സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുക താനാണെന്നാണ് ജോസഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സ് നേതാക്കളെയും ഇപ്പോള്‍ വെട്ടിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് എടുത്തുചാടി തീരുമാനം എടുത്താല്‍ ജോസഫിനെ പിന്നെ സഹായിക്കാന്‍ പോലും പറ്റില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. പാലായില്‍ മാണിയുടെ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെയാണ് നല്ലതെന്ന പൊതുവികാരമാണ് മറ്റ് ഘടക കക്ഷികള്‍ക്കുമുള്ളത്.

അതേസമയം ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനോട് കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ്സിനുണ്ട്. ഈ സീറ്റ് ഇടതുപക്ഷം തട്ടിയെടുക്കുമെന്നതിനാലാണ് എതിര്‍പ്പ്. പാര്‍ലമെന്റില്‍ യു.പി.എ ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ സാഹസം അരുതെന്ന് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് ജോസ് കെ. മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിഷ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയായാലും കുഴപ്പമില്ലെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും ജോസഫ് വിഭാഗവും നിഷയെ ‘പാലം’ വലിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്നാണ് അനുയായികളുടെ ആവശ്യം. ജോസ് കെ. മാണി വിജയിച്ചാല്‍ ഇടതുപക്ഷത്തിന് രാജ്യസഭ സീറ്റ് ഉറപ്പാകുമെന്നതിനാല്‍ സി.പി.എം പാലായില്‍ അതിനുള്ള സാഹചര്യമാണ് ഉണ്ടാക്കുകയെന്നാണ് അവര്‍ കരുതുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ പാലായില്‍ വിജയിക്കുന്നതിനേക്കാള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ നേട്ടം തന്നെയാണ് സി.പി.എം നോക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഈ അപകടം കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിലെ ചില നേതാക്കളും മുന്നില്‍ കാണുന്നുണ്ട്.

ജോസഫ് വിഭാഗം എതിര്‍ത്തിട്ടും പാലായില്‍ ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് അവരും ഭയക്കുന്നു. ഈ യാഥാര്‍ത്ഥ്യം ജോസഫിനെ ബോധ്യപ്പെടുത്താനാണ് നേതാക്കള്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ജോസ് കെ. മാണി വിഭാഗമാകട്ടെ പാല തന്നെയാണ് പാരയ്ക്കുള്ള പ്രധാന വഴിയായി ഇപ്പോള്‍ കാണുന്നത്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ പി.ജെ.ജോസഫ് വിഭാഗം.

Political Reporter

Top