യു.ഡി.എഫ് തകർച്ചയുടെ പാതയിൽ . . . ഉപതിരഞ്ഞെടുപ്പ് ചതിച്ചാൽ ‘കലാപം’

പാലായിലെ പരാജയവും നേട്ടമാക്കി മാറ്റാന്‍ മാണിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 54 വര്‍ഷമായി കെ.എം മാണി കൈവശം വച്ച മണ്ഡലം കൈവിടാന്‍ കാരണം കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാതിരുന്നത് കൊണ്ടാണെന്നാണ് പുതിയവാദം. നിഷ ജോസ് കെ. മാണി മത്സരിച്ചിരുന്നു എങ്കില്‍ ഒരിക്കലും പാലായില്‍ പരാജയപ്പെടുകയില്ലായിരുന്നു എന്നാണ് മാണിയുടെ കുടുംബത്തിന്റെ അഭിപ്രായം.

കോണ്‍ഗ്രസ്സ് നേതാക്കളും പി.ജെ ജോസഫും ചേര്‍ന്ന് നടത്തിയ കരുനീക്കങ്ങളെ തുടര്‍ന്നാണ് നിഷക്ക് പിന്‍മാറേണ്ടി വന്നിരുന്നത്. ഈ തീരുമാനം വലിയ അബദ്ധമായെന്ന തോന്നല്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇപ്പോഴുണ്ട്.

ഈ സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ നിഷയോ, ജോസ്.കെ മാണിയോ തന്നെ മത്സരിക്കുമെന്നാണ് കുടുംബം നല്‍കുന്ന സൂചന. ഇനി ഇക്കാര്യത്തില്‍ പിടിവാശി ഉണ്ടാകില്ലന്നാണ് കോണ്‍ഗ്രസ് നേതൃത്വവും പറയുന്നത്.

അതേസമയം ജോസഫ് വിഭാഗത്തെ പുറത്താക്കാതെ യു.ഡി.എഫില്‍ തുടരുന്നതിനോട് ജോസ്.കെ മാണി വിഭാഗത്തിന് നിലവില്‍ യോജിപ്പില്ല. ഇതിനായുള്ള സമ്മര്‍ദ്ദം വരും ദിവസങ്ങളില്‍ തുടരാനാണ് അവരുടെ തീരുമാനം. പാലായിലെ പരാജയം തന്നെ ആയുധമാക്കിയാണ് ഈ നീക്കം.

നിഷ ജോസ് കെ. മാണി മത്സരിച്ചിരുന്നു എങ്കില്‍ സഹതാപ തരംഗത്താല്‍ വിജയിക്കാമായിരുന്നു എന്ന അഭിപ്രായം മുസ്ലീം ലീഗ് നേതൃത്വവും ഉന്നയിച്ചു കഴിഞ്ഞു. പി.ജെ ജോസഫിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് കളിക്കുന്ന കളി സെല്‍ഫ് ഗോളായി മാറിയത് ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനം. ഇക്കാര്യം മുതിര്‍ന്ന ലീഗ് നേതാക്കള്‍ തന്നെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മുന്നണിയെ പ്രതിരോധത്തിലാക്കാന്‍ പാല കാരണമാകുമെന്നത് ലീഗ് നേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്.

ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്തും വലിയ വെല്ലുവിളിയാണ് സി.പി.എം ഉയര്‍ത്തുന്നത്. ഇവിടെ യു.ഡി.എഫ്- ബി.ജെ.പി നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്ന് ലീഗ് പറയുന്നുണ്ടെങ്കിലും അവരുടെ ചങ്കാണിപ്പോള്‍ ഇടിക്കുന്നത്.

നിലവിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ രൂക്ഷമായ ഭിന്നത മഞ്ചേശ്വരത്തും ലീഗിലുണ്ട്. പാണക്കാട് പോയി പ്രകടനം നടത്താന്‍ വരെ ധൈര്യം കാണിച്ച ലീഗുകാര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പാലം വലിക്കാനുള്ള സാധ്യതയും കൂടുതലാണ്.

കഴിഞ്ഞ തവണ കഷ്ടിച്ച് 89 വോട്ടിന് മാത്രമാണ് യു.ഡി.എഫ് ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നത്. അതും കെ.സുരേന്ദ്രന്‍ വിജയിക്കരുത് എന്ന് കരുതി സി.പി.എം ചില വിട്ടു വീഴ്ചകള്‍ ചെയ്തത് കൊണ്ട് മാത്രമായിരുന്നു. ഈ വിട്ടു വീഴ്ച ഇത്തവണ ഉണ്ടാകില്ലന്ന ശക്തമായ മുന്നറിയിപ്പാണ് സി.എച്ച് കുഞ്ഞമ്പുവിന് പകരം ശങ്കര്‍ റൈയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷം നല്‍കിയിരിക്കുന്നത്.

വിജയിക്കാന്‍ വേണ്ടി തന്നെയാണ് ഇത്തവണ മഞ്ചേശ്വരത്ത് ചെമ്പട ഇറങ്ങുന്നത്. ബി.ജെ.പിയാകട്ടെ ചുണ്ടിനും കപ്പിനും ഇടയില്‍ കഴിഞ്ഞ തവണ നഷ്ടമായത് ഇത്തവണ നേടുമെന്ന ഉറച്ച വാശിയിലുമാണ്. വട്ടിയൂര്‍ക്കാവാണ് മഞ്ചേശ്വരം പോലെ പ്രവചനാതീതമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എം നടപടിയാണ് ശക്തമായ ത്രികോണ മത്സരത്തിന് വട്ടിയൂര്‍ക്കാവിലും കളമൊരുക്കിയിരിക്കുന്നത്. ഈ രണ്ടിടത്തും മൂന്ന് മുന്നണികള്‍ക്കും തുല്യ സാധ്യതയാണുള്ളത്. കോന്നിയാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ ഉണ്ടാക്കിയ മുന്നേറ്റമാണ് ബി.ജെ.പിയുടെ പ്രതീക്ഷക്കാധാരം.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളില്‍ നാലും നിലവില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂര്‍ നില നിര്‍ത്തിയാല്‍ പോലും ഇടതുപക്ഷത്തിന് അത് വലിയ നേട്ടമാകും. കാരണം പാല നിലവില്‍ അവര്‍ പിടിച്ചു കഴിഞ്ഞു. അഞ്ചില്‍ മൂന്നിടത്തെങ്കിലും ജയിക്കാനുള്ള പദ്ധതികളാണ് ഇടതുപക്ഷം തയ്യാറാക്കിയിരിക്കുന്നത്. പാലായിലെ അട്ടിമറി വിജയം തന്നെയാണ് ഈ മണ്ഡലങ്ങളിലെല്ലാം ഇടതിന്റെ പ്രധാന പ്രചരണ വിഷയം.

പാലായിലെ വോട്ട് ചോര്‍ച്ച യു.ഡി.എഫിനെ പോലെ തന്നെ ബി.ജെ.പിയെയും വല്ലാതെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. എങ്കിലും വാശിയോടെ പ്രവര്‍ത്തിക്കാനാണ് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വങ്ങളുടെ തീരുമാനം.

വടി കൊടുത്ത് അടി വാങ്ങിയതാണ് പാലായില്‍ സംഭവിച്ച പരാജയമെന്നാണ് യു.ഡി.എഫ് ഇപ്പോള്‍ വിലയിരുത്തുന്നത്. ലീഗ് കൂടി കൈവിട്ടതോടെ കോണ്‍ഗ്രസ്സും പി.ജെ. ജോസഫും ശരിക്കുമിപ്പോള്‍ വെട്ടിലായിട്ടുണ്ട്. ജോസഫിനെ പിന്തുണച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ തന്നെ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം മതി യു.ഡി.എഫില്‍ എന്ന നിലപാടാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമുള്ളത്.

നാല് സിറ്റിങ് സീറ്റുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ അത് യു.ഡി.എഫില്‍ വലിയ കലാപത്തിനാണ് കാരണമാകുക. പല ഘടക കക്ഷികളും ഇടതുപക്ഷത്തേക്ക് ചാടാനും ഇതോടെ സാധ്യത കൂടുതലാണ്. ഇനി ഒരിക്കല്‍ കൂടി ഭരണമില്ലാത്ത അവസ്ഥ ലീഗിനും കേരള കോണ്‍ഗ്രസ്സിനും ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യം കാട്ടിയ പിണറായി വീണ്ടും വന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതിയും അതോഗതിയാവും. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയും മുന്നണിയും ചിന്നഭിന്നമായി പോകുമെന്ന ഭീതി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലും പ്രകടമാണ്.

പാലായിലെ പാലം തകര്‍ന്നതാണ് ഇപ്പോഴത്തെ ഇടതു പ്രതീക്ഷക്ക് അടിസ്ഥാനമെന്നതിനാല്‍ പറ്റിയ പിഴവോര്‍ത്ത് അക്കിടിപറ്റിയ അവസ്ഥയിലാണ് യു.ഡി.എഫ് നേതൃത്വം. അവസാനത്തെ പോരാട്ടമായി കണ്ട് ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് അവര്‍ നിലവില്‍ ശ്രമിക്കുന്നത്.

ഇത്തവണ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ ഇനി ഒരിക്കലും ഇല്ല എന്ന യാഥാര്‍ത്ഥ്യം യു.ഡി.എഫ് അണികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ചരിത്രത്തില്‍ ഇന്നുവരെ കേരളം കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

Political Reporter

Top