പാലായില്‍ തന്നെ മത്സരിക്കും,താരിഖ് അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടില്ല; കാപ്പന്‍

തിരുവനന്തപുരം: പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ വന്ന് ചര്‍ച്ച നടത്തിയതിന് ശേഷം പാലായുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും. പാലാ വിട്ടുകൊടുക്കാന്‍ ശരദ് പവാര്‍ പറയില്ല. പാലാ തനിക്ക് ചങ്കാണ്, എഐസിസി വക്താവ് താരിഖ് അന്‍വറുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. എന്‍.സി.പിയുമായി ബന്ധപ്പെടുത്തി വരുന്ന ഒരു വാര്‍ത്തകള്‍ക്കും അടിസ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാലാ തീരുമാനം ഉഭയകക്ഷി ചര്‍ച്ചയിലൂടെയേ തീരുമാനം ആകൂ എന്ന് ടി പി പീതാംബരന്‍ മാസ്റ്ററും പ്രതികരിച്ചു.

മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക് പോകും എന്ന് കരുതുന്നില്ല എന്നാണ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. പാലാ സീറ്റ് തരില്ല എന്ന് തങ്ങളോട് ആരും പറഞ്ഞിട്ടില്ല. ഇടത് മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന നിലപാടാണ് പാര്‍ട്ടിയുടേത്. നാല് സീറ്റിലും മത്സരിക്കും. ജയിച്ചാല്‍ ജയിച്ച സീറ്റ് വിട്ടു കൊടുക്കുന്ന കീഴ്വഴക്കം ഇല്ല. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ചര്‍ച്ച തീയതി അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി കാണില്ലെന്ന് പറഞ്ഞിട്ടില്ല എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Top