പാലാ ഇടത്തോട്ട്; വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ഊര്‍ജ്ജമാകുമെന്ന് സ്വരാജ്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുന്ന മാണി സി കാപ്പന്റെ ഫലം വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ഊര്‍ജ്ജമാകുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. ദീര്‍ഘകാലമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് നല്ല സൂചനയാണെന്ന് പറഞ്ഞ സ്വരാജ് ഓരോ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നത് വ്യത്യസ്ഥ ഘടകങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അടുത്ത മാസം നടക്കാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുള്ളത്. എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമായി ജനങ്ങള്‍ ചിന്തിക്കുമെന്ന് സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം കാരണമാണ് തോറ്റത് എന്ന് പറഞ്ഞിട്ടില്ലെന്ന് കൂടി സ്വരാജ് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണ പടര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തെറ്റിദ്ധാരണകള്‍ക്ക് രാഷ്ട്രീയത്തില്‍ അധികം ആയുസില്ല, സ്വരാജ് പറയുന്നു.

Top