പാലക്കാട് സിപിഐഎമ്മില്‍ വീണ്ടും കൂട്ട അച്ചടക്ക നടപടി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ വീണ്ടും കൂട്ട അച്ചടക്ക നടപടി. കണ്ണമ്പ്ര ഭൂമിയിടപാടില്‍ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ചാമുണ്ണിയുടെ ബന്ധു ആര്‍ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവില്‍ ക്രമക്കേട് നടത്തിയതിന് വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമി വാങ്ങിയതില്‍ മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി സിപിഐഎം നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍, കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നത്. തുടര്‍ന്ന് ജില്ലാ കമ്മറ്റിയും ചേര്‍ന്നിരുന്നു പിന്നാലെയാണ് നടപടി.

കൂടാതെ പാര്‍ട്ടി അറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതിനും പഴയ രസീത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയതിനും വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്താനും തീരുമാനിച്ചു. കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പുതുശ്ശേരി ഏരിയാ കമ്മറ്റി സ്വീകരിച്ച അച്ചടക്ക നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

Top