പാലക്കാട് വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ കുറ്റം സമ്മതിച്ചു

ഒറ്റപ്പാലം: വീട്ടമ്മയെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജ മന്‍സിലില്‍ ഖദീജ (63)യെയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഖദീജയുടെ സഹോദരിയുടെ മകളേയും രണ്ട് മക്കളും പൊലീസ് പിടികൂടി. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.

ഖദീദയുടെ സഹോദരിയുടെ മകള്‍ ഷീജ, മകന്‍ യാസിര്‍, പ്രായപൂര്‍ത്തിയാകത്ത മറ്റൊരു മകന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ആദ്യം യാസിറിനെ പിടികൂടിയ പൊലീസ് രാത്രി വൈകി ലോഡ്ജില്‍ നിന്നാണ് ഷീജയേയും മറ്റൊരു മകനേയും പിടികൂടിയത്. ഷീജയും മകന്‍ യാസിറും കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നും ഇവര്‍ മൊഴി നല്‍കി.

കൊലക്ക് ശേഷം ആഭരണങ്ങള്‍ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ ഷീജയുമായി തര്‍ക്കം നടന്നിരുന്നു. സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജുവലറിയില്‍ ഷീജ എത്തിയിരുന്നു.

എന്നാല്‍ വില സംബന്ധിച്ച് ഒന്നും പറയാതിരുന്നതില്‍ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന് ഖദീജ അറിയിച്ചതിനേ തുടര്‍ന്ന് പൊലീസ് കേസ് എടുത്തിരുന്നില്ല.

പിന്നീട് രാത്രി 8.30നാണ് കൊലപാതകം നടത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവത്തേ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷീജയേയും മക്കളേയും ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്. ഖദീജയുടെ സഹോദരിയുടെ മകളായ ഷീജ ധാരാവി സ്വദേശിയാണ്.

ഖദീജക്കൊപ്പമാണ് ഷീജയും മക്കളും കഴിയുന്നത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Top