കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇനി മറ്റൊരു കോടതി ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി പരാമര്‍ശിച്ചു.
മഞ്ചിക്കണ്ടിയില്‍ നടന്നത് കസ്റ്റഡി കൊലപാതകമാണെന്നും ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്നുമാണ് ബന്ധുക്കള്‍ ഹര്‍ജിയില്‍ പറഞ്ഞത്. കൊലപാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമിപിച്ചിരുന്നു. കാര്‍ത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമായിരുന്നു ഹര്‍ജിക്കാര്‍. മൃതദേഹം സംസ്‌കരിക്കുന്നതിന് നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.