പാലക്കാട്: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വീടുകള്‍ക്കും കൃഷിക്കും റോഡുകള്‍ക്കുമാണ് നാശം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ മലവെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലില്‍ ജനം ഭയന്നു. എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയെന്ന് പലരും പറയുന്നു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ വിആര്‍ടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉള്‍വനങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയ വഴികളിലെല്ലാം വ്യാപക കൃഷിനാശവും വീടുകള്‍ക്ക് ഭാഗിക നാശവുമുണ്ടായി. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പും പഞ്ചായത്തും തുടങ്ങിയിട്ടുണ്ട്.