വാളയാര്‍: ചരക്കുലോറിയിലെ ക്ലീനര്‍ കല്ലേറിനെത്തുര്‍ന്നു കൊല്ലപ്പെട്ട സംഭവത്തില്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് (മുബാറക്ക് ബാഷ-21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്. വിജയ് കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വിവാഹത്തിനായി മതം മാറിയിരുന്നെന്നു ബന്ധുക്കള്‍ മൊഴി നല്‍കിയതോടെ ദുരഭിമാനക്കൊലയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത കഞ്ചിക്കോട് ഐടിഐയ്ക്കു സമീപം സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട്, കോയമ്പത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി.
കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, കേരള- തമിഴ്‌നാട് പൊലീസ് സംഘം എട്ടിമടൈയില്‍ നടത്തിയ പരിശോധനയില്‍ വാഹത്തിന്റെ ചില്ലു പൊട്ടിയ തരത്തില്‍ ആക്രമണം നടന്നതിനു തെളിവു കണ്ടെത്തിയില്ല.
വിജയ്യുടെ വാരിയെല്ലു തകര്‍ത്ത് ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, പുറത്തു നിന്നു കല്ലെറിഞ്ഞാല്‍ ഇത്ര ആഘാതമുണ്ടാകാനിടയില്ലെന്നു പൊലീസ് പറയുന്നു.