palakkad – mafi – chikkan – 120 core

പാലക്കാട്: മാഹിയിലേക്കെന്ന വ്യാജേന നടത്തുന്ന കോഴിക്കടത്തിലൂടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം 120 കോടി രൂപ നഷ്ടമാകുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മാഹിയിലേക്കെന്ന പേരില്‍ കൊണ്ടുപോയ കോഴിക്കടത്ത് പിടികൂടിയ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍നികുതിവെട്ടിപ്പ് കണ്ടെത്തിയത്.

അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുന്നതിന് 14.5 ശതമാനം നികുതി കൊടുക്കേണ്ടിവരുമ്പോള്‍ മാഹിയിലേക്ക് നികുതിയില്ലാതെ കോഴികളെ കൊണ്ടുവരാം എന്നതാണ് പുതിയ തട്ടിപ്പിന് കാരണമായിട്ടുള്ളത്. മാഹിയിലേക്കെന്ന പേരില്‍കൊണ്ടുവരുന്ന കോഴികള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തി കോടികളുടെ നികുതി വെട്ടിപ്പാണ് നടന്നിട്ടുള്ളത്.

പ്രതിമാസം പത്തുകോടിയോളം രൂപയുടെ തട്ടിപ്പ് നടക്കുന്നതായാണ് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ഇത്തരത്തില്‍ മാഹിയിലേക്കെന്ന പേരില്‍കൊണ്ടുപോയ മൂന്നു ലോറികള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഗോപാലപുരം ചെക്ക് പോസ്റ്റിലൂടെയാണ് ഏറ്റവും അധികം തട്ടിപ്പ് നടക്കുന്നത്. ഇവിടെ മാഹിയിലേക്കെന്ന പേരില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം കൊണ്ടുപോകുന്ന കോഴികള്‍ കേരളത്തില്‍ തന്നെ വില്‍പന നടത്തുകയാണ്. തട്ടിപ്പ് പിടിയ്ക്കപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ മാഹി ചെക്ക് പോസ്റ്റില്‍ കൃത്രിമം നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി.

ഗോപാലപുരം ചെക്ക് പോസ്റ്റിലൂടെ മാത്രം പ്രതിദിനം എട്ടു ലോറിയെങ്കിലും ശരാശരി മാഹിയിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കുള്‍പ്പടെ വിശദമായി അന്വേഷിയ്ക്കാനാണ് വിജിലന്‍സ് തീരുമാനം.

Top