Palakkad Medical College corruption

തൃശൂര്‍: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനം സംബന്ധിച്ച കേസില്‍ മുന്‍ സ്‌പെഷല്‍ ഓഫീസര്‍ എസ്.സുബയ്യയെ പ്രതിചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി അനില്‍കുമാര്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. കേസ് സംബന്ധിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്.

മെഡിക്കല്‍ കോളേജില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുബയ്യ ഉള്‍പ്പെടെയുള്ളവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

സിഐ കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാട്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഹര്‍ജിക്കാരനായ യുവമോര്‍ച്ച പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് പി. രാജീവ്, സാക്ഷികളായ ഇ.പി. നന്ദകുമാര്‍, മണികണ്ഠന്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജിലത്തെി അന്വേഷണ സംഘം രേഖകള്‍ പരിശോധിച്ചിരുന്നു.

അനധികൃത നിയമനങ്ങള്‍ പുന:പരിശോധിക്കണമെന്നുള്ള വിജിലന്‍സ് ശുപാര്‍ശ നിലനില്‍ക്കെ നിയമനം സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പി. രാജീവ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ഒരു മാസത്തിനകം ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 19ന് കോടതി ഉത്തരവിട്ടിരുന്നു.

പട്ടിജകാതി വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ 800 കോടിയോളം രൂപ ചെലവഴിച്ചാണ് പാലക്കാട് യാക്കരയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്.

അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ ഇതുവരെ ഇരുനൂറോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പിഎസ്‌സി മുഖേനെ ഒരാളെപോലും നിയമിച്ചിട്ടില്ലെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പോലുമില്ലാതെ നടന്ന നിയമനങ്ങള്‍ക്ക് ഉന്നതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതായും ആരോപണമുണ്ടായിരുന്നു.

Top