മുഖ്യമന്ത്രിക്കു വധഭീഷണി ; കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പാലക്കാട് സ്വദേശികള്‍ അറസ്റ്റില്‍

arrest

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.

കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള പാലക്കാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയല്‍വാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി.

എന്നാല്‍ ഈ മൊഴി പൊലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂര്‍ ഈസ്റ്റ് പൊലീസിന് കൈമാറിയത്.

വെള്ളിയാഴ്ച രാവിലെ ചാലക്കുടിയില്‍നിന്നു തൃശൂര്‍ക്കു സഞ്ചരിക്കുകയായിരുന്ന സജേഷ് കുമാര്‍ എന്നയാളുടെ മൊബൈലിലേക്കാണ് ‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്.

സജേഷ് കുമാര്‍ അപ്പോള്‍ത്തന്നെ തൃശൂര്‍ ഈസ്റ്റ് പൊലീസിലെത്തി ഈ വിവരം അറിയിച്ചിരുന്നു.

മെസേജ് വന്ന നമ്പറിന്റെ ഉറവിടം പാലക്കാടാണെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച പാലക്കാട്ടാണെന്നും വ്യക്തമായതോടെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയുമായിരുന്നു.

വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.

Top