പാലക്കാട് സുരക്ഷാ ജീവനക്കാരനെ തെരുവ് നായ കടിച്ചു

പാവക്കാട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് തൃത്താലയിൽ പാർക്കിലെ സുരക്ഷാ ജീവനക്കാരന് കടിയേറ്റു. സുരക്ഷാ ജീവനക്കാരനായ മണികണ്ഠനാണ് നായയുടെ കടിയേറ്റത്. പാർക്കിലെത്തിയ സന്ദർശകരെയും തെരുവുനായ ആക്രമിച്ചു.

പാർക്കിൽ കയറിയ തെരുവ് നായയെ ഓടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. കാലിൽ കടിയേറ്റ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിൽ നിന്നും പ്രതിരോധ കുത്തിവെപ്പെടുത്തു. അതേസമയം നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിൻ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂൾ കുട്ടികൾക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Top