പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മണ്ണുക്കാട് കോരയാറിൽ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. ആയുധങ്ങൾ ഫോറൻസിക് സംഘം പരിശോധിക്കും. കൂടുതൽ ആയുധങ്ങൾക്കായി കോരയാറിൽ തെരച്ചിൽ തുടരുകയാണ്.
അതേസമയം, സുബൈറിന്റെ കൊലപാതകം ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻറെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് അറസ്റ്റിലായവരുടെ മൊഴി പുറത്ത് വന്നു. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇതിനിടെ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപ് അക്രമികൾ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആസുപത്രിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.