ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ. പനീര്‍സെല്‍വത്തിന് തിരിച്ചടിയായി എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ അധ്യക്ഷനായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ഇന്ന് വാനഗരത്തിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി. രാവിലെ 9.15-ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി ഒന്‍പതു മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ ഭാവിനേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേർന്നത്.
അതേസമയം, ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ. പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.