ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് പളനിസ്വാമി പറഞ്ഞു. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുമായി താന്‍ സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി അധികൃതരോട് കരുണാനിധിയുടെ ചികിത്സാ വിവരങ്ങള്‍ എടപ്പാടി ചോദിച്ചറിയുകയും ചെയ്തു.
കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച രാത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് ശേഷം മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കരുണാനിധി വീണ്ടും സാധാരണ നിലയിലേക്കു മടങ്ങുന്നുവെന്നായിരുന്നു കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മോശമായെങ്കിലും സാധാരണ നിലയിലേക്കു അദ്ദേഹം മടങ്ങിവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണെന്നും കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടി. മറ്റ് അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സംയമനം പാലിക്കണമെന്നും കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിയും അണികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.