തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനെയും മുന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ കെഎംആര്‍എല്‍ എംഡിയുമായ മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്.
പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇരുവരേയും കൂടാതെ സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂവെന്ന നിലപാടിലാണ് വിജിലന്‍സ്. ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കടക്കൂ. അതിനു മുന്നോടിയായി വിശദമായ നിയമോപദേശം തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.