കൊച്ചി : മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഹൈക്കോടതി നേരത്തെ ഇഡിക്ക് നോട്ടീസയച്ചിരുന്നു. കളമശേരി സ്വദേശി ഗിരീഷ് കുമാറാണ് ഹർജിക്കാരൻ.
ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ഥാപനവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിൽ അഞ്ച് കോടി രൂപ പിന്നീട് മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ആരോപണം ഉണ്ട്. നിലവിൽ മേൽപ്പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ ഇക്കാര്യം കൂടി അന്വേഷിക്കാൻ തയ്യാറാണെന്നുമാണ് വിജിലൻസ് നിലപാട്.