കൊച്ചി : പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉള്‍പെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്റ് കാലാവധി നവംബര്‍ 14 വരെ നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെതാണ് നടപടി.
ഒന്നാം പ്രതി കരാര്‍ കമ്പനി എംഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എംടി തങ്കച്ചന്‍, നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടിഒ സൂരജ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
അതേ സമയം കേസിൽ ടിഒ സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ആഗസ്റ്റ് മുപ്പതിനാണ് പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം നാലു പേർ അറസ്റ്റിലായത്. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഡാലോചന നടത്തിയെന്നും അധികാര ദുർവിനിയോഗമുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.