കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. പെരുമാറ്റച്ചടം നിലവില്‍ വരുന്നതിനാല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പാലത്തിന്റെ ടാറിങ് ജോലികള്‍ ആണ് പൂര്‍ത്തിയാകുന്നത്. നാളെ രാവിലെ മുതല്‍ ഭാരപരിശോധന നടത്തും.
കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് ഘട്ടം ഘട്ടമായി ഉയര്‍ത്തും. 24മണിക്കൂര്‍ പാലത്തിന് മുകളില്‍ ഭാരം കയറ്റിയ ട്രക്കുകള്‍ നിര്‍ത്തിയിടും. ട്രക്കുകള്‍ മാറ്റിയ ശേഷം ഗര്‍ഡറുകള്‍ക്ക് വളവോ വിള്ളലോ ഉണ്ടായോ എന്ന് പരിശോധിക്കും. മാര്‍ച്ച് നാല് വരെ ഭാരപരിശോധന ഉണ്ടാകും. അഞ്ചാം തീയതിക്ക് ശേഷം ഉദ്ഘാടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഇനിയത് ഉണ്ടാകില്ലെന്ന് ഉറപ്പായി. അങ്ങനെയെങ്കില്‍ അടുത്തയാഴ്ച തന്നെ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും.
ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് റെക്കോര്‍ഡ് വേഗത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് പാലത്തിന്‍െര പൊളിച്ചു പണിയല്‍ ജോലികള്‍ തുടങ്ങിയത്. പണി പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചിരുന്നു. ഉദ്ഘാടനം നടത്താനായില്ലെങ്കിലും പറഞ്ഞതിലും മൂന്ന് മാസം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനായത് സര്‍ക്കാരിന് നേട്ടമാണ്.