പാലാരിവട്ടം മേല്‍പ്പാലത്തിന് ഭാരപരിശോധന; സ്‌റ്റേ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഉത്തരവ് സറ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് മാസത്തിനകം പരിശോധന നടത്തണം എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും മുമ്പ് ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തുന്നത്.

ഭാരപരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയാണ് ഹര്‍ജി നല്‍കിയത്. മൂന്നു മാസത്തിനുള്ളില്‍ ഭാരപരിശോധന നടത്താന്‍ 2019 നവംബര്‍ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.ഡി.എസ് എം.ഡി സുമിത് ഗോയല്‍ ഉപഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Top