കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടനല്‍കുന്നുവെന്ന് പി ടി തോമസ് എംഎല്‍എ. എറണാകുളം ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാരിവട്ടം പാലം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പി ടി കുറ്റപ്പെടുത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ നവീകരണം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു എംഎല്‍എയുടെ പ്രതികരണം.
അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതി സംബന്ധിച്ച് ഒന്നാം പ്രതി സുമിത് ഗോയലിനെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പാലത്തിന്റെ നിര്‍മ്മാണം നടത്തിയ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സിന്റെ എംഡിയാണ് സുമിത് ഗോയല്‍. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. സുമിതിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നറിയുന്നതിനായിരുന്നു വിജിലന്‍സിന്റെ നടപടി.
ബലക്ഷയത്തെ തുടര്‍ന്ന് മെയ് ഒന്നിനാണ് പാലാരിവട്ടം മേല്‍പ്പാലം അടച്ചത്. നാലു മാസം കഴിഞ്ഞിട്ടും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളായ വെണ്ണല തുതിയൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയവയെല്ലാം തകര്‍ന്നു കിടക്കുകയാണ്.