പാലാരിവട്ടം പാലം മാർച്ച്‌ പത്തോടെ സജ്ജം: ഇ ശ്രീധരൻ

sreedharan

കൊച്ചി: അഴിമതിയുടെ പഞ്ചവടിപ്പാലത്തിനുപകരം പാലാരിവട്ടത്ത്‌ ഉയരുന്ന പുതിയ പാലത്തിന്റെ നിർമാ‌ണം മാർച്ച്‌ പത്തോടെ പൂർത്തിയാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ.

ഡിഎംആർസിയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി കാണാൻ ചൊവ്വാഴ്‌ച രാവിലെയാണ് പൊന്നാനിയിൽനിന്ന്‌ ശ്രീധരൻ പാലാരിവട്ടത്ത്‌ എത്തിയത്‌. നിലവിൽ മറ്റൊരു നിർമാണത്തിന്റെയും മേൽനോട്ടച്ചുമതല വഹിക്കുന്നില്ല. കോവിഡ്‌ വ്യാപകമായതോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലുണ്ടായിരുന്ന മെട്രോകളുടെ മേൽനോട്ടച്ചുമതലയിൽനിന്ന്‌ ഒഴിഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം ഏറ്റെടുത്ത പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻമാത്രമാണ്‌ ഇപ്പോൾ ഔദ്യോഗികയാത്രകളുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാലത്തിലെ മുഴുവൻ ബീമുകളും സ്ലാബുകളും സ്ഥാപിച്ചുകഴിഞ്ഞു. പാർശ്വഭിത്തികളുടെ നിർമാണവും സ്‌പാനുകൾക്കിടയിലെ ജോയിന്റുകളുടെ ജോലിയുമാണ്‌ നടക്കുന്നത്‌. അത്‌ പൂർത്തിയാകുന്നമുറയ്‌ക്ക്‌ ടാറിങ്‌ തുടങ്ങും. മാർച്ച്‌ പത്തോടെ എല്ലാ ജോലിയും തീരും. ഗതാഗതത്തിന്‌ തുറക്കേണ്ട തീയതി സർക്കാരാണ്‌ തീരുമാനിക്കുക ഇ ശ്രീധരൻ വ്യക്തമാക്കി.

നിർമാണം സംബന്ധിച്ച്‌ ഡിഎംആർസിയുടെയും ഊരാളുങ്കലിന്റെയും എൻജിനിയർമാർ ഇ ശ്രീധരനോട്‌ വിശദീകരിച്ചു. ഇതുവരെയുള്ള ജോലികളിൽ പൂർണതൃപ്‌തി രേഖപ്പെടുത്തിയാണ്‌‌ അദ്ദേഹം മടങ്ങിയത്‌.

Top