കൊച്ചി; പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കി. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ കോടതി എടുത്തുമാറ്റി. ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.
കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു