കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഗുഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഒരുങ്ങുന്നു.
കരാറുകാരനുള്ള വായ്പ, ടെണ്ടര്‍ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലന്‍സ് ആദ്യം കരുതിയത്. എന്നാല്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടെ സകല മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലന്‍സിന് ഇപ്പോള്‍ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്റെ അലൈന്‍മെന്റില്‍ വരെ മാറ്റം വരുത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ എംഡി ആയിരുന്നു മുഹമമദ് ഹനീഷ്. അദ്ദേഹത്തിന് മേല്‍നോട്ടത്തില്‍ പിഴവുണ്ടായി എന്ന് മാത്രമായിരുന്നു വിജിലന്‍സിന് വിവരം ലഭിച്ചിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഹനീഷിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കേസില്‍ ആദ്യം അറസ്റ്റിലായ ആര്‍ബിഡിസികെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എംടി തങ്കച്ചനെ ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമിച്ചതെന്നും വിജിലന്‍സ് കണ്ടെത്തി. പത്രപരസ്യം നല്‍കി ബോര്‍ഡ് അഭിമുഖം നടത്തിയാണ് ആര്‍ബിഡിസകെയിലെ മറ്റ് കരാര്‍ നിയമനങ്ങളെല്ലാം നടത്തിയിരിക്കുന്നന്നത്. എന്നാല്‍ പി ഡബ്ല്യൂഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച തങ്കച്ചനെ മുന്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം എം ഡിയുടെ വിവേചനധികാരം ഉപയോഗിച്ച് നേരിട്ട് നിയമിക്കുകയായിരുന്നു എന്ന് വിജിലന്‍സ് കണ്ടെത്തി.