പാലം അഴിമതിയിൽ കുരുക്ക് മുറുകുന്നു, ആശങ്കയിലായി യു.ഡി.എഫ് നേതൃത്വം . .

പാലാരിവട്ടം മേല്‍പ്പാലം ഇനി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബലക്ഷയമായി മാറുമോ ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് പുതിയ സംഭവ വികാസങ്ങളെ ഉറ്റുനോക്കുന്നത്.

പാലായില്‍ സെപ്റ്റംബര്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം എറണാകുളം ഉള്‍പ്പെടെയുള്ള മറ്റ് അഞ്ച് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പായി ഇതിന്റെ ഫലം മാറും. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പിണറായിയുടെ ഈ ആത്മവിശ്വാസം എന്താണെന്നറിയാതെ അമ്പരന്നിരിക്കുകയാണിപ്പാള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍.

ഇതിനിടെയാണിപ്പോള്‍ പാലാരിവട്ടം മേല്‍പ്പാലം കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിന്റെ നിഴലിലാണ്. സൂരജിന്റെ മൊഴി എതിരാവുകയും കരാര്‍ സംബന്ധിച്ച കാബിനറ്റ് നോട്ട് ‘ചതിക്കുകയും’ ചെയ്താല്‍ ഇബ്രാഹിം കുഞ്ഞ് എന്തായാലും അഴിക്കുള്ളിലാകും.

സൂരജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഈ മുസ്ലീം ലീഗ് നേതാവിന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടുതല്‍ പേര്‍ ഇനിയും പ്രതികളാകുമെന്നും ഇബാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിജിലന്‍സും വ്യക്തമാക്കിയിട്ടുണ്ട്.

യു.ഡി.എഫ് നേതാക്കളെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന നീക്കമാണിത്. ഇബ്രാഹിം കുഞ്ഞ് പ്രതിയായാല്‍ അത് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ പിടിവള്ളിയാകും. പാലായില്‍ അട്ടിമറി വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 4,703 വോട്ടിനാണ് കെ.എം മാണി വിജയിച്ചിരുന്നത്. പാലായില്‍ യു.ഡി.എഫ് വീണാല്‍ പിന്നീട് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും അത് പ്രതിഫലിക്കുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്.

ആറില്‍ അരൂര്‍ മാത്രമാണ് നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. പാല, എറണാകുളം, വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. യു.ഡി.എഫ് സര്‍ക്കാറിലെ ഒരു മന്ത്രി പാലം അഴിമതിയില്‍പ്പെട്ട് അകത്തായാല്‍ തീര്‍ച്ചയായും അതിന്റെ രാഷ്ട്രീയ നേട്ടം ഇടതുപക്ഷത്തിനായിരിക്കും. മുഖം നോക്കാതെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായയും പിണറായി സര്‍ക്കാറിനുണ്ടാകും. അപ്രതീക്ഷിതമായ ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യത്തില്‍ ആകെ ആശയക്കുഴപ്പത്തിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.

പ്രതിയായാല്‍ പിന്നെ ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കേണ്ടന്ന നിലപാട് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ മുസ്ലീം ലീഗ് എം.എല്‍.എയാണ് ഇബ്രാഹിം കുഞ്ഞ് എന്നതിനാല്‍ ലീഗ് നേതൃത്വത്തിന്റെ മനസ്സറിഞ്ഞ് മതി നിലപാടെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ കേസില്‍ കുടുങ്ങിയപ്പോള്‍ ലീഗ് കട്ട സപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇബ്രാഹിം കുഞ്ഞിന്റെ കൂടെ നില്‍ക്കാന്‍ തന്നെയാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. മാത്രമല്ല ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് പ്രതിക്കൂട്ടിലാകുക എന്നതിനാല്‍ പ്രതിരോധം തീര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഗുരുതരമായ കുറ്റങ്ങളാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് അരങ്ങേറിയത് എല്ലാ പ്രതികളും ഉള്‍പ്പെട്ട കുറ്റകരമായ ഗൂഢാലോചനയാണെന്നാണ് പ്രധാന ആരോപണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത ആര്‍.ബി.ഡി.സി.കെയിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥര്‍ സ്വകാര്യ കരാറുകാരന് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കി കൊടുത്തതായും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദേശീയപാത 66ലെ പാലാരിവട്ടം ബൈപാസില്‍ അഴിമതിയുടെ പഞ്ചവടിപ്പാലം നിര്‍മാണം തന്നെയാണ് നടന്നതെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരും വകുപ്പുമന്ത്രിയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരും ഇതിനു കൂട്ടു നിന്നതായും പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലായി പാലാരിവട്ടം പാലം വിവാദം മാറിക്കഴിഞ്ഞിട്ടുണ്ട്.

ദേശീയപാതകളിലെ പാലം നിര്‍മാണം എന്‍.എച്ച് അതോറിറ്റിയുടെ ചുമതയിലായിരിക്കെ സ്പീഡ് പദ്ധതിയില്‍പ്പെടുത്തി പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അഴിമതിയിലേക്കുള്ള ആദ്യപടിയായിരുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത കിറ്റ്കോയെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചതിലൂടെ പകല്‍ക്കൊള്ളയ്ക്കാണ് ഇവിടെ അരങ്ങൊരുങ്ങിയിരുന്നത്. നിര്‍മാണപദ്ധതികളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടികളായിരുന്നു പിന്നീടങ്ങോട്ട് നടന്നിരുന്നത്.

47.70 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ ഡിസൈനിങ്ങും നിര്‍മാണവും ഒരേ കമ്പനിക്ക് തന്നെയാണ് നല്‍കിയിരുന്നത്. ആര്‍.ഡി.എസ് പ്രോജക്ട്സ് എന്ന ഡല്‍ഹി കമ്പനിയ്ക്കായിരുന്നു ഇത്. 13.47 ശതമാനം കുറവില്‍ 41,27,98,842 രൂപയ്ക്കായിരുന്നു കരാര്‍. ഡിസൈനില്‍ ഒത്തുതീര്‍പ്പ് നടത്തി നിര്‍മാണത്തിലൂടെ വന്‍തുക ലാഭിക്കാന്‍ ഈ ഒറ്റക്കരാര്‍ വഴിവച്ചുവെന്നാണ് പാലത്തിലെ നിര്‍മാണപ്പിഴവ് പരിശോധിച്ച ഇ. ശ്രീധരന്‍ തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2014 മാര്‍ച്ചില്‍ നിര്‍മാണമാരംഭിച്ച പാലം 2016 ഒക്ടോബര്‍ 12നാണ് ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നത്. എന്നാല്‍ ആദ്യവര്‍ഷം തന്നെ ടാറിങ്ങും ഡെക്ക് സ്ലാബുകള്‍ക്കിടയിലെ ജോയിന്റും തകരുകയായിരുന്നു. സ്പാനുകളിലും തൂണുകളിലും വിള്ളലും പ്രത്യക്ഷമായി. പിയര്‍ ക്യാപ്പുകളും ഇളകി. പാലം തൂണുകളില്‍ ചേര്‍ന്നിരിക്കുന്ന ഭാഗത്തെ ബെയറിങ്ങുകളും തകരാറിലായി. ഭാരമേറിയ വാഹനങ്ങള്‍ പോകുമ്പോള്‍ നിലംപൊത്താവുന്നവിധം ശബ്ദത്തോടെ പാലം ഇളകാന്‍ തുടങ്ങിയതോടെയാണ് ഗൗരവം ബോധ്യമായിരുന്നത്. തുടര്‍ന്ന് അധികൃതര്‍ 2018 ആഗസ്റ്റില്‍ മദ്രാസ് ഐ.ഐ.ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി നിയോഗിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ സമര്‍പ്പിച്ച പ്രാഥമികറിപ്പോര്‍ട്ടില്‍ ഗുരുതര നിര്‍മാണപ്പിഴവ് അക്കമിട്ട് നിരത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റില്‍ ആവശ്യമായ അളവില്‍ സിമെന്റ് ചേര്‍ത്തിരുന്നില്ലെന്നും, കമ്പി ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നും നിര്‍മാണഘട്ടത്തില്‍ നടക്കേണ്ട ഗുണമേന്മാപരിശോധന നടത്തിയിട്ടില്ലെന്നും ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മെയിലാണ് മേല്‍പ്പാലം അടച്ചിരുന്നത്. പിന്നീട് ഇ. ശ്രീധരന്റെയും സ്ട്രക്ചറല്‍ എന്‍ജിനിയര്‍ മഹേഷ് ഠണ്ടന്റെയും നേതൃത്വത്തില്‍ ജൂണ്‍ 17നും 27നും പാലം വീണ്ടും പരിശോധിക്കുകയുണ്ടായി. 17 സ്പാനുകള്‍ ഉള്‍പ്പെടെ മാറ്റിസ്ഥാപിക്കാനും മറ്റു ബലപ്പെടുത്തല്‍ നടപടികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനായി 18.71 കോടി രൂപ ചെലവുവരുമെന്നും ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

41 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം ഗതാഗതത്തിന് തുറക്കാന്‍ നാലിലൊന്ന് തുക കൂടി ഇനിയും മുടക്കണമെന്ന് വ്യക്തം. ഐ.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ടുകൂടി വാങ്ങി അറ്റകുറ്റപ്പണികള്‍ ആരംഭിക്കാനിരിക്കെയാണ് കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഇപ്പോള്‍ ധ്രുതഗതിയില്‍ നടന്നിരിക്കുന്നത്.

സൂരജിന് പുറമെ ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, കുസാറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍ എം.ടി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ അറസ്റ്റിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം. അതേസമയം താന്‍ വിവാദ ഫയല്‍ കണ്ടിട്ടില്ലെന്ന വിചിത്ര വാദവുമായി മുന്‍ മന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്.

പി.കെ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍ കുടുങ്ങിയതോടെ പകരക്കാരനായി യു.ഡി.എഫ് മന്ത്രിസഭയില്‍ വന്ന ഇബ്രാഹിം കുഞ്ഞിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. മലബാറിന് പുറത്തെ ഒരു ലീഗ് എം.എല്‍.എ എന്ന ആനുകൂല്യത്തില്‍ പിന്നീട് പല തവണ അദ്ദേഹം യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമാവുകയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായാണ് ഇബ്രാഹിം കുഞ്ഞ് അറിയപ്പെടുന്നത്.

Staff Reporter

Top