കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരാണ് അറസ്റ്റിലായത്. അഴിമതി, ഗൂഢാലോചന,ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് (ആര്‍.ബി.ഡി.സി.കെ) പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്.