പാലാരിവട്ടം മേല്‍പ്പാലം അഴിമതി ഇബ്രാഹിം കുഞ്ഞിന്റെ ഭാവി മന്ത്രി മോഹങ്ങള്‍ക്കും തിരിച്ചടിയാകും. 2021ല്‍ വീണ്ടും യു.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വരുമെന്നും വീണ്ടും മന്ത്രിയാകാമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ഇബ്രാഹിംകുഞ്ഞ് മുന്നോട്ട് പോകുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന പാലാരിവട്ടം മേല്‍പ്പാലം വിവാദം ഈ ലീഗ് നേതാവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സ്വന്തം മണ്ഡലമായ കളമശ്ശേരിയിലും പ്രതിഷേധം ശക്തമാണ്. പാലം അഴിമതിയില്‍ വലിയ പങ്ക് ഇബ്രാഹിംകുഞ്ഞിന് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ നല്ലൊരു വിഭാഗവും. ഉടന്‍ നടക്കാനിരിക്കുന്ന എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത് ഈ മേല്‍പ്പാല വിവാദമാണ്. ഈ പാലം ചതിച്ചാല്‍ ഉറച്ച കോട്ടയായ എറണാകുളം കൈവിട്ട് പോകുമെന്ന ഭയം യു.ഡി.എഫ് നേതാക്കള്‍ക്കുമുണ്ട്. ഈ സാഹചര്യത്തെ ആകാംക്ഷയോടെയാണ് മുസ്ലീം ലീഗിലെയും ഒരു വിഭാഗം ഉറ്റുനോക്കുന്നത്.
ഇബ്രാഹിംകുഞ്ഞ് മന്ത്രി പദവിയില്‍ എത്തിയ ഘട്ടങ്ങളിലെല്ലാം അതിനെ എതിര്‍ത്തിരുന്ന ഒരു വിഭാഗം ലീഗില്‍ തന്നെ ഉണ്ടായിരുന്നു. ഈ വിഭാഗം ഇപ്പോള്‍ കൂടുതല്‍ ശക്തവുമാണ്. ഇനി ഒരവസരം യു.ഡി.എഫിന് ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിനെ പരിഗണിക്കരുത് എന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീം വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പകരക്കാരനായി വന്ന നേതാവാണ് ഇബ്രാഹിംകുഞ്ഞ്. പിന്നീട് കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട്ടെയും പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാറുകളില്‍ മന്ത്രിയായി തുടരുകയായിരുന്നു.
മധ്യകേരളത്തില്‍ നിന്നും ലീഗിനൊരു മന്ത്രി എന്ന സാധ്യതയും ഇബ്രാഹിംകുഞ്ഞിന് തുണയായി. ആദ്യം മട്ടാഞ്ചേരിയില്‍ നിന്നും പിന്നീട് കളമശ്ശേരിയില്‍ നിന്നുമാണ് അദ്ദേഹം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് നല്‍കിയതില്‍ ശക്തമായ എതിര്‍പ്പ് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോഴും അത് മറികടക്കാന്‍ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല, കോണ്‍ഗ്രസ്സ് അണികളില്‍ തന്നെ നല്ലൊരു വിഭാഗവും ഇബ്രാഹിംകുഞ്ഞിനെതിരെ തിരിഞ്ഞിട്ടുണ്ട്. പരസ്യമായ പ്രതികരണത്തിലേക്ക് അവര്‍ പോയിട്ടില്ലെങ്കിലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി തലക്ക് മേലെ വാള്‍ തന്നെയാണെന്നാണ് മുന്നറിയിപ്പ്.
ഇടതുപക്ഷ സര്‍ക്കാര്‍ ഇബ്രാഹിംകുഞ്ഞിനെ ഏതു നിമിഷവും പ്രതിയാക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ്സ് നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. പ്രത്യേകിച്ച് എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അതിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മേല്‍പ്പാലത്തിന് കാര്യമായ ബലക്ഷയം ഉണ്ടെന്ന് വ്യക്തമാക്കി ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടും കര്‍ശന നടപടി വിളിച്ചു വരുത്തുന്നതാണ്. നിര്‍മാണത്തിലെ അപാകത മൂലം ബലക്ഷയം വന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 17 സ്പാനുകള്‍ നീക്കി പുതിയത് സ്ഥാപിക്കണമെന്നാണ് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും കൂടി 18.71 കോടി രൂപയാണ് ചെലവു വരുക. വിദഗ്ധ നിര്‍ദേശമടങ്ങിയ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവമായാണ് കാണുന്നത്.
പാലം പുനര്‍നിര്‍മിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും 19 സ്പാനുകളില്‍ 17 ഉം മാറ്റണമെന്ന നിര്‍ദേശം നിര്‍മാണ പിഴവിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കെടുകാര്യസ്ഥത മൂലം 18 കോടിയില്‍പരം രൂപയുടെ സാമ്പത്തിക ഭാരമാണ് ഇതോടെ കേരളജനതയ്ക്ക് തലയിലേറ്റേണ്ടിവരുന്നത്. നിര്‍മാണത്തിന് ഇതുവരെ 41.27 കോടി രൂപയാണ് ചെലവ്. ഇനി, അതിന്റെ പകുതികൂടി അറ്റകുറ്റപ്പണിക്ക് ചെലവാക്കിയാലേ പാലം ഗതാഗതയോഗ്യമാകൂ.
യുഡിഎഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞാണ് പ്രത്യേക അനുമതി നേടി പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. സ്വന്തക്കാര്‍ക്ക് കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കിയ വന്‍സാമ്പത്തിക ക്രമക്കേടുകളാണ് ഇവിടെ നടന്നിരിക്കുന്നത്. അന്ന് സഖ്യകക്ഷി എം.എല്‍.എയായിരുന്ന കെ.ബി ഗണേഷ്‌കുമാര്‍ തന്നെ ഇദ്ദേഹത്തിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം 17നാണ് ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പാലം പരിശോധിച്ചത്. സംഘാംഗമായിരുന്ന ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫസര്‍ അളഗസുന്ദരമൂര്‍ത്തി അഞ്ഞൂറിലേറെ പേജുള്ള റിപ്പോര്‍ട്ട് ശ്രീധരന് നല്‍കിയിട്ടുണ്ട്. പ്രൊഫ. മഹേഷ് ഠണ്ടന്‍, ശ്രീഹരി കണ്‍സ്ട്രക്ഷന്‍സ്, ഡി.എം.ആര്‍.സിയിലെ എന്‍ജിനിയര്‍മാര്‍ എന്നിവരും പ്രത്യേക റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സംഘാംഗങ്ങളുമായി പലവട്ടം വീഡിയോ കോണ്‍ഫറന്‍സും ചര്‍ച്ചകളും നടത്തിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.
ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചതുപോലെ പുനരുദ്ധാരണം നടത്താന്‍ കൂടുതല്‍ സമയമെടുക്കും. കഴിഞ്ഞ മെയ് ഒന്നിന് ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി ആരംഭിച്ച പാലം സഞ്ചാരയോഗ്യമാകാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. പാലത്തിന്റെ അസ്തിവാരത്തിനും തൂണുകള്‍ക്കും ബലക്ഷയമില്ലെന്നും തൂണുകള്‍ക്ക് മുകളിലെ പിയറും പിയര്‍ ക്യാപ്പും ഇളകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്പാനുകള്‍ക്കും തൂണിനുമിടയില്‍ ഉപയോഗിച്ച ലോഹ ബെയറിങ്ങുകള്‍ക്ക് മേന്മയില്ലാത്തതാണ്. ഇതെല്ലാം മാറ്റണമെന്നാണ് നിര്‍ദേശം. വിദഗ്ധ പരിശോധന നടത്തിയ സ്ട്രക്ചറല്‍ എന്‍ജിനിയര്‍ പ്രൊഫ. മഹേഷ് ഠണ്ടന്‍ നിര്‍ദേശിച്ചതുപോലെ ഡക്ട്സ്ലാബിന്റെ തുടര്‍ച്ച ഒരുക്കണമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Staff Reporter